ഹരിയും മറ്റ് പോലീസുകാരും കാറിന്റെ പുറകിലെ ടയറുകൾ പരിശോധിക്കുന്ന തിരക്കിലായിരുന്നു.
അയാൾ പതുക്കെ ആ കവർ തുറന്നു. ഉള്ളിൽ മടക്കി വെച്ച ഒരു ചെറിയ കടലാസ് കഷ്ണം ഉണ്ടായിരുന്നു. വിയർപ്പും ഏതോ ലഹരിവസ്തുവിന്റെ മണവും ആ കടലാസിൽ പടർന്നിരുന്നു. നിരഞ്ജൻ അത് നിവർത്തി വായിച്ചു:
”ദൈവങ്ങൾക്ക് ഇടയിൽ…”
ആ വരികൾ വായിച്ചതും നിരഞ്ജന്റെ പുരികങ്ങൾ ചുളിഞ്ഞു. അതൊരു പൂർണ്ണമായ വാചകമായിരുന്നില്ല, മറിച്ച് ആരോ അപൂർണ്ണമായി നിർത്തിയ ഒരു സന്ദേശം പോലെ തോന്നിപ്പിച്ചു.
ആ കവറിനുള്ളിൽ മറ്റൊന്ന് കൂടി ഉണ്ടായിരുന്നു. നിരഞ്ജൻ അത് കയ്യിലെടുത്തു. വെളിച്ചത്തിൽ അത് തിളങ്ങി. അതീവ നേർത്ത ഒരു സ്വർണ്ണമാലയും അതിൽ ഘടിപ്പിച്ച ഒരു ചെറിയ ലവ് ലോക്കറ്റും (Heart Locket). ആ ലോക്കറ്റിന്റെ വശങ്ങളിൽ നഖം കൊണ്ട് പോറലേറ്റതുപോലെയുള്ള അടയാളങ്ങളുണ്ട്.
നിരഞ്ജൻ ഒരു നിമിഷം ചുറ്റും നോക്കി. ഹരി അപ്പോഴും നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തുന്ന തിരക്കിലായിരുന്നു. ഒരു നിമിഷം പോലും കളയാതെ, ആ മാലയും കുറിപ്പും നിരഞ്ജൻ തന്റെ ജീൻസിന്റെ പോക്കറ്റിലേക്ക് തിരുകി. മറ്റാരും അത് കണ്ടില്ലെന്ന് അയാൾ ഉറപ്പുവരുത്തി.
.
”സർ, എന്തെങ്കിലും കിട്ടിയോ?”
ഹരി അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.
നിരഞ്ജൻ മുഖത്തെ ഭാവങ്ങൾ പെട്ടെന്ന് മാറ്റി.
“ഇല്ല ഹരി, ബോഡികൾ ഉടനെ പോസ്റ്റ്‌മോർട്ടത്തിന് അയക്കാൻ ഏർപ്പാട് ചെയ്യൂ. എനിക്ക് ഈ സ്ഥലമൊന്ന് കൂടി പരിശോധിക്കണം. നിങ്ങൾ ഈ ഏരിയ മൊത്തം സിസിടിവി ഫൂട്ടേജ് കവർ ചെയ്യണം ഓക്കേ പിന്നെ ഒരു കാരണവശാലും മിഡിയയിൽ ഒന്നും അറിയിക്കാരുത് .”