ഞാനും അവരുടെ പിന്നാലെ കാറിൽ നിന്നിറങ്ങി.
ക്ഷീണം കൊണ്ട് വേച്ചുപോകുന്ന കൃതികയെ കണ്ടപ്പോൾ എന്തെങ്കിലും ഒന്ന് സംസാരിക്കണമെന്ന് എനിക്ക് തോന്നി. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
“കൃതികാ… നീ…”
പക്ഷേ, അവൾ എനിക്ക് മുഖം തന്നില്ല. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ റോസിനേ തന്റെ തോളിലേക്കിട്ട് നടന്നു..
ആ അവഗണന ഉള്ളിലൊരു നീറ്റലായി മാറിയെങ്കിലും ഞാനത് പുറത്തുകാട്ടിയില്ല.
റോസിനെയും കൂട്ടി, ചാരിയിട്ടിരുന്ന ഗേറ്റ് പതിയേ തുറന്ന് അവൾ അകത്തേക്ക് കയറി.
റോസിന്റേത് ഒരു ഇരുനില വീടാണ്. മുകളിലേക്ക് കയറിപ്പോകാൻ വീടിന്റെ സൈഡിലായി ഒരു സ്റ്റെയർകേസ് ഉണ്ട്… അവ കൈവരികളിൽ നിറയെ പൂച്ചട്ടികൾ വെച്ച് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.
അടിച്ച് ഫിറ്റായി കുഴഞ്ഞു നടക്കുന്ന കുടിയന്മാരെപ്പോലെ, പരസ്പരം തോളിൽ കയ്യിട്ട് വേച്ചുവേച്ചു പോകുന്ന അവരെ ഞാൻ നോക്കിനിന്നു.
നടക്കാൻ പോലും വയ്യാത്തത്ര ക്ഷീണം അവരെ ബാധിച്ചിരിക്കുന്നു.
പടികൾ ഓരോന്നായി കയറി അവർ മുകളിലെത്തി.
അകത്തേക്ക് കയറുന്നതിന് തൊട്ടുമുമ്പ് കൃതിക ഒന്ന് തിരിഞ്ഞു നോക്കുമെന്ന് ഞാൻ വെറുതെ ആഗ്രഹിച്ചുപോയി.
പക്ഷേ… എന്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട്, തിരിഞ്ഞുപോലും നോക്കാതെ അവർ അകത്തേക്ക് കയറി.
ആ വാതിൽ എന്റെ മുന്നിൽ കൊട്ടിയടയ്ക്കപ്പെടുന്നത് വരെ, ഒരു ശില പോലെ ഞാൻ അവരെത്തന്നെ നോക്കി നിന്നു…
“ഡാ… മതി നോക്കി നിന്നത്. വരാൻ നോക്ക്, നമുക്ക് പോവാം…”