അവളെ നോക്കി ഞാൻ മനസ്സ് നിറഞ്ഞ് നിൽക്കുമ്പോഴേക്കും, ചുറ്റുമുള്ളവരുടെ ചിരിയുടെ ശബ്ദം കൂടി കൂടി വന്നു. ആമിയും ചേച്ചിയുമൊഴിച്ചു ബാക്കിയുള്ളവരെല്ലാം മാതിമറന്ന് ചിരിക്കുകയാണ്..
അത് സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ, ദേഷ്യവും നാണക്കേടും കൊണ്ട് എനിക്ക് കണ്ണ് കാണാതായ അവസ്ഥ!
പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയിൽ, മുന്നിലെ ടേബിളിലേക്ക് ഞാൻ ആഞ്ഞൊരു അടി കൊടുത്തു.
വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്ത് പറയാൻ… നേരത്തെ ഇടിച്ച് പപ്പടമായ അതേ കൈ വെച്ചു തന്നെയായിരുന്നു ആ അടിയും!
ടേബിളിൽ കൈ പതിഞ്ഞതും, നക്ഷത്രങ്ങൾ ചുറ്റും പറക്കാൻ തുടങ്ങിയിരുന്നു….
ഇത്തവണ പിടിച്ചുനിൽക്കാൻ എനിക്കായില്ല.
എന്റെ മുഖം വേദന കൊണ്ട് വലിഞ്ഞുമുറുകി, കണ്ണുകൾ ഇറുക്കിയടച്ചു പോയി. പല്ലുകൾക്കിടയിലൂടെ അറിയാതെ ഒരു ഞരക്കം പുറത്തുവന്നു.
അത് കണ്ടതും നിധിയുടെ മുഖത്തെ ചിരി പാടെ മാഞ്ഞു. അതുവരെ ഉണ്ടായിരുന്ന പരിഹാസമല്ല, മറിച്ച് വല്ലാത്തൊരു ആവലാതി അവളുടെ മുഖത്ത് തെളിഞ്ഞു.
“എടാ…!”
അവൾ വെപ്രാളത്തോടെ എന്റെ അടുത്തേക്ക് പാഞ്ഞെത്തി. എന്റെ കൈ പിടിച്ചു നോക്കുമ്പോൾ അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
“എന്ത് പണിയാടാ ഈ കാണിച്ചേ? നിനക്കെന്താ വട്ടാണോ? വേദനയെടുക്കുന്ന ആ കൈ വെച്ച് തന്നെ വീണ്ടും അടിക്കാൻ നിനക്കെങ്ങനെ തോന്നി?”
ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ അവൾ എന്നോട് ഒച്ചയിട്ടു. ആ കണ്ണുകളിൽ എന്നോടുള്ള കരുതൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.