നിധിയുടെ കാവൽക്കാരൻ 15
Nidhiyude Kaavalkkaran Part 15 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

പല പല ചിന്തകൾ തലയിൽ ഉദിച്ചതും, കട്ടപിടിച്ച മഞ്ഞ് വീണ്ടും ഒഴുകിയെത്തി. ആ രൂപങ്ങളെ മെല്ലെ വിഴുങ്ങി, കാഴ്ചയിൽ നിന്നും മറച്ചു.
”എന്താടാ… നോക്കി നിൽക്കുന്നത്?”
വഴിയരികിലെ മണ്ണിൽ തളർന്നിരിക്കുകയായിരുന്നു സച്ചിൻ. അവന്റെ ആ ചോദ്യത്തിൽ വലിയൊരു നിസ്സംഗതയുണ്ടായിരുന്നു.
പക്ഷേ, ആ ചോദ്യത്തിന് എനിക്ക് നൽകാൻ മറുപടി ഉണ്ടായിരുന്നില്ല.
സത്യത്തിൽ ഞങ്ങൾക്ക് ആർക്കും പരസ്പരം ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. തളർന്ന കാലുകൾക്ക് വിശ്രമം നൽകാനെന്നോണം, ഞങ്ങൾ ഓരോരുത്തരായി ആ റോഡരികിലെ മണ്ണിലേക്ക് ഇരുന്നു.
ചുറ്റും കനത്ത നിശബ്ദത.
ആരും സംസാരിക്കുന്നില്ല… ആരും അനങ്ങുന്നില്ല…
അനുഭവിച്ച ഭീകരതയുടെ ഞെട്ടൽ മാറാതെ, എല്ലാവരും അവരവരുടേതായ ചിന്തകളുടെ ലോകത്തായിരുന്നു.
ഞാൻ മെല്ലെ റോസിനെ നോക്കി.
അത്രയും നേരം അനുഭവിച്ച പേടിയും, ഓട്ടത്തിന്റെ ക്ഷീണവും കാരണം അവൾ ആമിയുടെ തോളിൽ തലചായ്ച്ച് ഉറങ്ങിപ്പോയിരുന്നു. ഒരു കൊച്ചുകുട്ടിയെപ്പോലെ ആമി അവളെ ചേർത്തുപിടിച്ചിട്ടുണ്ട്.
തൊട്ടപ്പുറത്ത് കൃതികയെ കണ്ടു. അവളും വല്ലാതെ ക്ഷീണിച്ചിരുന്നു. കണ്ണുകൾ അടഞ്ഞുപോകുന്നുണ്ട്. ഏതു നിമിഷവും ഉറക്കത്തിലേക്ക് വഴുതി വീഴാൻ അവളും തയ്യാറെടുക്കുകയാണ്.
ഇനിയും ഇവിടെ സമയം കളയുന്നത് ബുദ്ധിയല്ലെന്ന് തോന്നി, കാലുകൾക്ക് ബലം കൊടുത്ത് ഞാൻ പതിയെ എഴുന്നേറ്റു.