പക്ഷേ നതാഷയുടെ ഉള്ളിൽ ലെനയുടെ ആ വീഡിയോയിലെ വാക്കുകൾ വീണ്ടും മുഴങ്ങി:
“ചിലർ വരുന്നത് നിങ്ങളുടെ സന്തോഷം നശിപ്പിക്കാനാണ്.!!!”
അന്ന് പകൽ മുഴുവൻ മാത്യു നതാഷയുടെ അരികിൽ തന്നെ ഉണ്ടായിരുന്നു.
അവൾക്ക് ഭക്ഷണം കൊണ്ടു കൊടുത്തും, പ്രിയപ്പെട്ട പാട്ടുകൾ വെച്ചും അയാൾ അവളെ ശുശ്രൂഷിച്ചു.
മാത്യുവിന്റെ സ്നേഹം കൂടുംതോറും നതാഷയുടെ ഉള്ളിലെ കുറ്റബോധം ഒരു കനലായി എരിഞ്ഞു.
അന്ന് ഉച്ചക്ക് ശേഷം നതാഷയുടെ തളർച്ച മാറ്റാനായി മാത്യു അവളെ നിർബന്ധിച്ച് സിനിമയ്ക്ക് കൊണ്ടുപോയി.
എയർകണ്ടീഷൻ ചെയ്ത ആ തണുത്ത മുറിക്കുള്ളിൽ, പോപ്‌കോണിന്റെ മണത്തിനിടയിൽ മാത്യുവിന്റെ തോളിൽ തലചായ്ച്ച് ഇരിക്കുമ്പോഴും നതാഷയുടെ മനസ്സ് ലെനയുടെ വീഡിയോയിലെ ആ ഭീകരമായ മുന്നറിയിപ്പുകളിലായിരുന്നു.
അതേ സമയം ഉച്ചതിരിഞ്ഞു സെക്യൂരിറ്റി വക്കച്ചൻ മാത്യു ഡോക്ടർക്ക് നതാഷയുടെ വഴിവിട്ട ബന്ധത്തെ കുറിച്ചു ചെറിയ ഒരു സൂചന നൽകി ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കണം എന്ന് ഉറപ്പിച്ചിരുന്നു.
ഉച്ചഭക്ഷണം ഒരു ഹോട്ടലിൽ നിന്നും കഴിച്ചശേഷം അയാൾ നഗരത്തിലെ ഒഴിഞ്ഞ കാളിങ് ബൂത്ത് അന്വേഷിച്ചു നടന്നു..
അയാൾ പരിഭ്രമത്തോടെ ചുറ്റും നോക്കി.
ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അയാൾ തന്റെ കയ്യിലുണ്ടായിരുന്ന കടലാസ് കഷണത്തിലേക്ക് നോക്കി.
രാവിലെ തന്നെ മാത്യു വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ നിന്നും അയാൾ മാത്യുവിന്റെ പേഴ്സണൽ നമ്പർ തന്ത്രപരമായി കൈക്കലാക്കിയിരുന്നു.