നക്ഷത്ര പതുക്കെ കിരണിന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി അവനെ തന്നിലേക്ക് അടുപ്പിച്ചു. കിരൺ പിടയുകയായിരുന്നു.
“നക്ഷത്രാ… വേണ്ട… വിഷ്ണൂ, ഞാൻ…”
കിരണിന്റെ വാക്കുകൾ പുറത്തേക്ക് വന്നില്ല. വിഷ്ണു ശിലാവിഗ്രഹം പോലെ നിൽക്കെ, നക്ഷത്ര ആഞ്ഞു കിരണിന്റെ അധരങ്ങളിൽ ചുംബിച്ചു.
തന്റെ സുഹൃത്തിന്റെ മുന്നിൽ വെച്ച്, പ്രാണനെപ്പോലെ സ്നേഹിച്ച ഭാര്യ മറ്റൊരുവനെ ചുംബിക്കുന്നത് കണ്ടപ്പോൾ വിഷ്ണുവിന്റെ ഉള്ളിൽ എന്തോ ഒന്ന് പൊട്ടിത്തെറിച്ചു. കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകിയെങ്കിലും അത് കത്തുന്ന കനൽ പോലെ അവന് തോന്നി.
”നിർത്തടി!”
വിഷ്ണുവിന്റെ അലർച്ച ആ വീടിനെ നടുക്കി.
അവൻ കുതിച്ചെത്തി അവളുടെ തോളിൽ പിടിച്ചു ബലമായി വലിച്ചു മാറ്റി. ഒരു നിമിഷം പോലും അവൾക്ക് പ്രതികരിക്കാൻ വിട്ടു കൊടുക്കാതെ അവൻ അവളെ മുറിയിലേക്ക് വലിച്ചിഴച്ചു. നക്ഷത്ര അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു; യാതൊരു ലജ്ജയുമില്ലാത്ത, ഭ്രാന്തമായ ഒരു ചിരി.
”വിഷ്ണൂ… എന്നെ വിട്… നിനക്ക് നോക്കി നിൽക്കാൻ പറ്റിയില്ലല്ലേ ഹി ?”
അവൾ പരിഹാസത്തോടെ പറഞ്ഞു.
വിഷ്ണു അവളുടെ വാക്കുകൾ കേട്ടില്ല. തന്റെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിൽ അവൻ അവളെ ബെഡ്‌റൂമിലേക്ക് തള്ളിയിട്ടു. ചുവന്ന ഡ്രസ്സിൽ അവൾ തറയിലേക്ക് വീണെങ്കിലും ആ വിചിത്രമായ ചിരി അവളുടെ മുഖത്ത് നിന്ന് മാഞ്ഞില്ല.
”ഇവിടെ ഇരുന്നോ നീ! നീ ആരായാലും വേണ്ടില്ല, എന്റെ നക്ഷത്രയുടെ ശരീരം കൊണ്ട് നീയിത് ചെയ്യുന്നത് ഞാൻ സമ്മതിക്കില്ല!”