മീര കണ്ണിലെ നനവ് വേഗത്തിൽ ഒപ്പിമാറ്റി, അനുസരണയോടെ തലയാട്ടി.
ഞാൻ ഒരു ദീർഘശ്വാസം വിട്ട്, മുഖത്തൊരു ചിരി വരുത്തി വാതിൽ തുറക്കാൻ നടന്നു.
വാതിൽ തുറന്നപ്പോൾ മുറ്റത്തെ കനത്ത മഴയിൽ പാതി നനഞ്ഞ നിലയിൽ മനു നിൽക്കുന്നുണ്ടായിരുന്നു. തലയിലൂടെ ബാഗ് പിടിച്ചിരുന്നെങ്കിലും ഷർട്ടും പാന്റും വെള്ളത്തിൽ കുതിർന്നിരുന്നു.
വാടാ, അകത്തേക്ക് കയറ്,”
ഞാൻ അവന്റെ കൈയ്യിലെ ബാഗ് വാങ്ങി.
“ഹോ… എന്ത് മഴയാടാ ഇത്? വല്ല തോണിയും വിളിച്ച് വരേണ്ടി വരുമെന്ന് തോന്നി. വഴിയിലൊക്കെ പുഴ പോലെയാ വെള്ളം…”
ഷർട്ടിലെ വെള്ളം കുടഞ്ഞുകൊണ്ട് അവൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.
ശബ്ദം കേട്ട് ഓടിവന്ന അവളുടെ കയ്യിൽ ഒരു വലിയ ടവൽ ഉണ്ടായിരുന്നു. നനഞ്ഞു കുതിർന്നു നിൽക്കുന്ന അവനെ കണ്ടതും അവൾ കണ്ണുകൾ വിടർത്തി.
“മനുവേട്ടാ… ഇതെന്താ വെള്ളത്തിൽ മുങ്ങി എടുത്തതാണോ? ആ വാതിലിന്റെ പുറത്തുനിന്ന് ഒന്ന് പിഴിഞ്ഞിട്ട് അകത്തേക്ക് കയറിയാൽ മതിയായിരുന്നു.”
അവൾ കളിയാക്കിക്കൊണ്ട് ടവൽ അവന് നേരെ എറിഞ്ഞുകൊടുത്തു.
“ഒന്നു പോയേ… കഷ്ടപ്പെട്ട് ഡ്രൈവ് ചെയ്ത് വന്നപ്പോ അവളുടെയൊരു തമാശ. കഴിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തു വെക്ക്. ഇന്നലെ രാത്രി ഒന്നും കഴിച്ചിട്ടില്ല, വിശന്നിട്ട് കുടൽ കരിയുന്ന പോലെ തോന്നുന്നു,”
അവൻ ടവൽ കൊണ്ട് തല തോർത്തുന്നതിനിടയിൽ പറഞ്ഞു.
“ഓ… വന്നുകയറിയതേയുള്ളൂ, അപ്പോഴേക്കും വിശപ്പിന്റെ കാര്യമായി. അല്ല, ആള് ആകെ മാറിപ്പോയല്ലോ… ബാംഗ്ലൂർ പോയിട്ട് ജിമ്മിൽ മാത്രമായിരുന്നോ പരിപാടി? മസിലൊക്കെ പെരുപ്പിച്ച് ആകെ ഒരു ‘ബാഹുബലി’ ലുക്ക് ആണല്ലോ…”