“…അളിയാ ദേവ നീ ഇത് എപ്പോ വന്നു…” ദേവനെ കണ്ടപാടെ സന്തോഷം കാരണം അവനെ കെട്ടിപിടിച്ചു.
“… എന്ത് ഉറക്കാടാ ഇത്. ഞാൻ എത്ര നേരമായി വിളിക്കുന്നെന്നോ…”
“… ആകെപാടെ കിട്ടുന്ന ഞായർ അല്ലേടാ കുറച്ചു നേരം ഉറങ്ങട്ടെടാ. അമ്മേ ഇവന് ചായ കൊടുക്ക്…” അടുക്കളയിലേക്ക് നോക്കി ഞാൻ നീട്ടി വിളിച്ചു.
“… അത് നീ പറഞ്ഞിട്ടു വേണോ എനിക്ക് അറിയാൻ. ദാ മോനെ കുടിക്ക്…” അപ്പോഴേക്കും അമ്മ ചായയുമായി എത്തി.
“… ടാ നീ ചായ കുടിക്ക് ഞാൻ ഇപ്പൊ റെഡി ആയി വരാം…” അവനെ അവിടെ ഇരുത്തി ഞാൻ കുളിക്കാനായി കേറി.
ഇപ്പൊ നിങ്ങൾ ചിന്തിക്കുണ്ടാവും ഇത് ആരാണെന്ന്. ഇവനാണ് എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട്. +1 തൊട്ട് കൂടെ കൂടിയതാ ഒരു പാവം. പഠിക്കാൻ മാത്രമേ അറിയൂ. അൾ വലിയ ആക്റ്റീവ് അല്ലാത്തത്കൊണ്ട് ക്ലാസ്സിൽ പഠിച്ചിരുന്നവർ അവനെ ഒരു കോമാളി ആയിട്ട പരിഗണിച്ചിരുന്നത്. ആരോടും ദേഷ്യമോ പരിഭവമോ ഇല്ല അതുകൊണ്ടു എല്ലാരും അവനെ തട്ടികളിക്കാൻ തുടങ്ങി. അവൻ ഫസ്റ്റ് ബെഞ്ചും ഞാൻ ലാസ്റ്റ് ബെഞ്ചും ആയിരുന്നു. നിങ്ങൾക്ക് അറിയാലോ കോളേജിലെ പോലെ തന്നെ സ്കൂളിലും ചെറിയ രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനവും അടിപിടിയും ആയിട്ട് ഞാൻ പോവായിരുന്നു. അതുകൊണ്ട് തന്നെ ടീച്ചർമാരുടെ നോട്ടപുള്ളി. എന്റെ സ്വഭാവം നന്നാക്കാൻ വേണ്ടി ലാസ്റ്റ് ബെഞ്ചിൽ നിന്നും ഫസ്റ്റ് ബെഞ്ചിലേക്ക് പ്രൊമോട്ട് ചെയ്തു. ചെന്ന് പെട്ടത് ഇവന്റെ മുമ്പിൽ. ആദ്യം ഒന്നും എനിക്ക് അത് ഒട്ടും അക്‌സെപ്റ് ചെയ്യാൻ പറ്റിയില്ല. അവനും ആരോടും അങ്ങനെ മിണ്ടാറില്ല ചോദിക്കുന്നതിന് ഉത്തരം പറയും അല്ലാത്തപ്പോ പഠിപ്പിലോ മറ്റെന്തെങ്കിലും മുഴുകി ഇരിക്കും. നമ്മൾ എത്ര നാൾ എന്നു വച്ച അടുത്ത് ഇരിക്കുന്നവരോട് മിണ്ടാതെ ഇരിക്കുന്നെ. പതിയെ പതിയെ അവനോട് മിണ്ടാൻ തുടങ്ങി. പിന്നെ അവന്റെ ഓരോ കാര്യങ്ങളും കഥകളും എല്ലാം എന്നോട് പറയാൻ തുടങ്ങി. അപ്പോഴാ എനിക്ക് ഒരു കാര്യം മനസ്സിലായെ ഇവൻ ആരോടും മിണ്ടാത്തത് അവർ എല്ലാം അവനെ കളിയാക്കുന്നത് കൊണ്ട് ആണെന്ന്. താൻ പറയുന്നത് കേൾക്കാൻ ഒരാളെ കിട്ടിയ സന്തോഷം അവന്റെ വാക്കുകളിലും കണ്ണുകളിലും കാണാൻ കഴിഞ്ഞു. അളിയന്റെ നിഷ്കളങ്കതയും സംസാരവും എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു. അവനും എന്നെ പറ്റി കൂടുതൽ അറിയാൻ ശ്രെമിച്ചു. എനിക്ക് പഠിക്കാൻ പാട് ആയിരുന്ന വിഷയങ്ങൾ അവൻ പറഞ്ഞു തന്നു. മറ്റുള്ളവരോട് ബോൾഡ് ആയി എങ്ങനെ പെരുമാറണം എന്നുള്ളത് ഞാനും പറഞ്ഞു കൊടുത്തു. ഞങ്ങൾ പോലും അറിയാതെ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആയി. ആ ഇടക്ക് ആണ് എനിക്ക് ചിക്കൻപോക്സ് അടിക്കുന്നത്. 2 ആഴ്ച്ച സ്കൂളിൽ കാണാത്തത് കൊണ്ട് എന്നെ തേടി വീട്ടിൽ വന്നു. അവനും അസുഖം പകരും എന്ന് അറിഞ്ഞിട്ടും എന്റെ മുറിയിലെ അടച്ചിട്ട കതകിനു അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സ്കൂളിലെ വിശേഷങ്ങൾ പങ്കുവച്ചു. അന്ന് എനിക്ക് മനസിലായി അവന് ഞാൻ എത്ര വിലപ്പെട്ടത് ആണെന്ന്. പക്ഷെ എന്ത് ചെയ്യാൻ ഞാൻ സുഖം പ്രാപിച്ചു വന്നപ്പോഴേക്കും മണ്ടൻ കിടപ്പിലായി. അതൊക്കെ ആലോചിക്കുമ്പോൾ ചിരി വരും. ഇപ്പൊ അളിയൻ ബാംഗ്ലൂരിൽ ബിടെക് ചെയ്യാ. നാട്ടിൽ വരുമ്പോൾ എന്നെ കാണാൻ ഓടി വരും ഇപ്പൊ അങ്ങനെ വന്നതാ. നിങ്ങളോട് സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല ഞാൻ അവന്റെ അടുത്തേക്ക് ചെല്ലട്ടെ.