“… എന്നാൽ നമുക്ക് പോവാം…” അവൾ തിരിച്ചു വന്നതും ഇരുന്നിടത്ത് നിന്നും എഴുനേറ്റ് ഞാൻ പറഞ്ഞു അതിന് അവൾ സമ്മതം മൂളി.
“… സമയം ഉച്ചയായി തനിക്ക് വിശക്കുന്നില്ലേ. കഴിക്കാൻ വല്ലതും കൊണ്ട് വന്നിട്ടുണ്ടോ…” അതിന് ഇല്ലന്ന് തലയാട്ടി.
“… എന്നാ വാ ഇവിടെ അടുത്ത് നല്ല ബിരിയാണി സ്പോട് ഉണ്ട് കഴിച്ചിട്ട് പോവാം…”
എനിക്ക് ഒപ്പം അവളും ആ കടയിലേക്ക് വന്നു. അവൾക്ക് വയർ നിറയെ ബിരിയാണി വാങ്ങി നൽകി ഞാനും കഴിച്ച് ബൈക്കിൽ കോളേജിലേക്ക് തിരിച്ചു. ഇങ്ങോട്ട് വന്നപ്പോൾ ഉണ്ടായിരുന്ന പേടിയൊക്കെ അവളുടെ മുഖത്ത് കാണാൻ ഇല്ല. ആൾ കുറച്ചുകൂടി ഫ്രീ ആയപോലെ ഉണ്ട്. ഇടക്ക് ഇടക്ക് ഓരോ കാര്യങ്ങൾ ബൈക്കിന് പിന്നിൽ എന്നോട് സംസാരിക്കുന്നുണ്ട്. പിന്നെ ചില മൂളിപ്പാട്ടും കേൾക്കാം. അതെല്ലാം ആസ്വദിച്ചു കോളേജിലേക്ക് ഞാൻ ബൈക്ക് പറപ്പിച്ചു. ഉച്ചക്ക് ഉള്ള ലഞ്ച് ബ്രേക്ക് കഴിയാറായപ്പോഴാണ് ഞങ്ങൾ കോളേജിൽ എത്തിയത്. ബൈക്ക് നിർത്തിയതും ബൈ പറഞ്ഞ് പുള്ളിക്കാരി ക്ലാസ്സിലേക്ക് ഒറ്റ നടത്തം.
“…തൻവിക താൻ ഒന്നും പറഞ്ഞില്ല…” ബൈക്കിൽ ഇരുന്ന് തന്നെ അവളെ ഞാൻ നീട്ടി വിളിച്ചു. വിളി കേട്ടതും കക്ഷി തിരിച്ച് എന്റെ അടുത്തേക്ക് വന്നു.
“… ഫോൺ ഒന്ന് തരാവോ…” എന്റെ പക്കൽ എത്തിയതും എനിക്ക് നേരെ കൈ നീട്ടി. ഫോണിലെ ലോക്ക് മാറ്റി അവൾക്ക് കൊടുത്തു. അതിൽ എന്തൊക്കെയോ കുത്തിയിട്ട് തിരിച്ച് എനിക്ക് തന്നു.
“… അതെ എന്നോട് അടുപ്പം ഉള്ളവർ എന്നെ തനു എന്ന് വിളിക്കുന്നതാ എനിക്ക് ഇഷ്ട്ടം…”