പക്ഷേ, കിരണിനെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. ഷാളിന്റെ മധ്യഭാഗത്തും അരികുകളിലും വാഴക്കറ പറ്റിയത് പോലെ കറുത്ത നിറത്തിലുള്ള കറകൾ പറ്റിപ്പിടിച്ചിരിക്കുന്നു. സാധാരണ കഴുകിയാൽ പോലും പോകാത്ത, കട്ടിയുള്ള, ഒട്ടിപ്പിടിക്കുന്ന തരം കറകൾ.
”ഇതെന്താ വിഷ്ണൂ ഇത്? രക്തമല്ലല്ലോ…”
കിരൺ ആ ഷാൾ വാങ്ങി വെളിച്ചത്തിൽ പരിശോധിച്ചു.
“ഇത് വാഴക്കറ പോലെ ഇരിക്കുന്നു. പക്ഷേ ഈ പണിതീരാത്ത ഫ്ലാറ്റിൽ എവിടെയാണ് വാഴ? അല്ലെങ്കിൽ ഈ കറ എങ്ങനെ അവളുടെ ഷാളിൽ വന്നു?”
വിഷ്ണു ആ ഷാൾ മണത്തു നോക്കി. അതിൽ നിന്ന് വരുന്നത് വല്ലാത്തൊരു ചീഞ്ഞ ഗന്ധമാണ്. മണ്ണും എണ്ണയും ഏതോ ചെടിയുടെ നീരും കലർന്നത് പോലെയുള്ള ഒരു അസ്വാഭാവിക ഗന്ധം.
”കിരൺ … അന്ന് രാത്രി അവൾ ഇവിടെത്തന്നെ ഉണ്ടായിരുന്നു. പക്ഷേ ഹോസ്പിറ്റലിൽ വെച്ച് അവൾ പറഞ്ഞത് നാട്ടുകാർ അവളെ രക്ഷിച്ചു എന്നാണ്. അങ്ങനെയെങ്കിൽ ഈ ഷാൾ എങ്ങനെ ഇവിടെ ബാക്കിയായി എന്റെ തോന്നൽ സത്യമല്ലേ ?”
വിഷ്ണുവിന്റെ കണ്ണുകളിൽ ഭയം നിഴലിച്ചു.
അവൻ ആ മുറിയിൽ ആകെ തിരയാൻ തുടങ്ങി. പെട്ടെന്ന് ആ ഷാൾ കിടന്നിരുന്ന സ്ഥലത്തെ പൊടി മാറ്റി നോക്കിയപ്പോൾ വിഷ്ണുവും കിരണും ഒന്ന് കൂടി ഞെട്ടി. അവിടെ തറയിൽ ആ കറ കൊണ്ട് ചില അടയാളങ്ങൾ വരച്ചിരിക്കുന്നു. അതൊരു ചിത്രമോ അതോ എന്തെങ്കിലും മന്ത്രവാദത്തിന്റെ ഭാഗമായുള്ള അടയാളമോ എന്ന് തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ല.
”വിഷ്ണൂ… ഇതിന്റെ അർത്ഥം അവൾ അപകടത്തിൽ പെടുകയല്ല ചെയ്തത്. അവളെ ആരോ ഇവിടെ കൊണ്ടുവന്ന് എന്തോ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് നിന്റെ അടുത്തേക്ക് അയച്ചത്.”