വിഷ്ണു വണ്ടി റോഡരികിൽ ഒതുക്കി നിർത്തി. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“കിരൺ … എനിക്കും ഒന്നും മനസ്സിലാകുന്നില്ല. ആക്സിഡന്റ് നടന്ന അന്ന് ആ ഇരുട്ടിൽ ഫ്ലാറ്റിൽ വെച്ച് ഞാൻ ചില കാര്യങ്ങൾ കണ്ടിരുന്നു. ആരോ അവളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് പോലെ … ചില നിഗൂഢമായ സംസാരങ്ങൾ ശാസങ്ങൾ … പക്ഷേ ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവൾ പറയുന്നു അവൾ സുരക്ഷിതയാണെന്ന് അതൊക്കെ ചിലപ്പോൾ എന്റെ തോന്നൽ മാത്രമാകാം പക്ഷെ ഉള്ളിന്റെ ഉള്ള് പറയുവാ . അന്നുമുതൽ അവൾ മാറിയിട്ടുണ്ട് എനിക്കുറപ്പാ .”
കിരൺ അമ്പരപ്പോടെ വിഷ്ണുവിനെ നോക്കി.
“നീ പറയുന്നത് സത്യമാണോ? അവളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് നീ കണ്ടോ? എങ്കിൽ പിന്നെ അവൾ എങ്ങനെ നിന്റെ അടുത്ത് തിരിച്ചെത്തി? വിഷ്ണൂ… എന്റെ ഉള്ളിൽ എന്തോ ഒരു വല്ലാത്ത പേടി തോന്നുന്നു. അവളുടെ നോട്ടം പോലും ഇപ്പോൾ പഴയതുപോലെയല്ല. വല്ലാത്തൊരു തീക്ഷ്ണതയുണ്ട് ആ കണ്ണുകളിൽ.”
”എനിക്കും അങ്ങനെ തന്നെ തോന്നുന്നു കിരൺ പക്ഷെ അവളെന്റെ പെണ്ണാ എനിക്ക് തിരിച്ചു വേണം അവളെ എന്താടാ ഞാൻ ചെയ്യണ്ടേ ,”
വിഷ്ണുവിന്റെ ശബ്ദം വിറച്ചു.
“ചിലപ്പോൾ രാത്രിയിൽ ഞാൻ ഉണരുമ്പോൾ അവൾ ബാൽക്കണിയിൽ നിന്ന് ആരോടെന്നില്ലാതെ സംസാരിക്കുന്നത് കാണാം. ഞാൻ അടുത്ത് ചെല്ലുമ്പോൾ അവൾ ഒന്നുമറിയാത്ത പോലെ ചിരിക്കും. അവൾ എന്റെ നക്ഷത്ര തന്നെയാണോ എന്ന് എനിക്ക് പലപ്പോഴും സംശയമാണ്.”
കിരൺ വിഷ്ണുവിന്റെ തോളിൽ കൈവെച്ചു.