ഹരിയുടെ കാതുകളിൽ ഡോക്ടർ സൂസന്റെ വാക്കുകൾ ഇപ്പോഴും ഒരു മുഴക്കം പോലെ നിൽക്കുന്നു. ആ മുറിയിലെ മരുന്നിന്റെ മണവും, ഡോക്ടർ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കി പറഞ്ഞ വിധിയും അവനെ വിട്ടുപോകുന്നില്ല.
“ഹരി… ഐ ആം സോറി. നമ്മൾ അവസാനത്തെ ടെസ്റ്റും ചെയ്തു നോക്കി. ഫലം നെഗറ്റീവ് ആണ്. ഹരിയുടെ ശരീരത്തിൽ ബീജ ഉൽപ്പാദനം നടക്കുന്നില്ല. മെഡിക്കൽ സയൻസിൽ ഇതിന് ചികിത്സയില്ല.”
ആ വാക്കുകൾ കേട്ടപ്പോൾ മീരയുടെ കൈകൾ വിറച്ചത് ഹരി ഓർത്തു. അവൾ ഡോക്ടറുടെ മുഖത്തേക്ക് നോക്കി ചോദിച്ച ചോദ്യം അവന്റെ നെഞ്ചിൽ തറച്ചിരുന്നു.
“ഡോക്ടർ… അപ്പൊ ഞങ്ങൾക്ക്… ഞങ്ങൾക്ക് ഒരിക്കലും സ്വന്തമായി ഒരു കുഞ്ഞ് ഉണ്ടാവില്ലേ?”
ഡോക്ടർ ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞു. “മീരയ്ക്ക് കുഴപ്പമൊന്നുമില്ല. ഗർഭപാത്രം ആരോഗ്യകരമാണ്. പക്ഷേ ഹരിയുടെ ബീജം ഉപയോഗിച്ച് ഗർഭധാരണം സാധ്യമല്ല. നിങ്ങൾക്ക് ഒരു കുഞ്ഞ് വേണമെന്നുണ്ടെങ്കിൽ ഒരേയൊരു വഴിയേ ഉള്ളൂ. ഡോണർ സ്പേം.”
ഡോണർ.
ആ വാക്ക് ഹരിയുടെ അഭിമാനത്തെയാണ് ചോദ്യം ചെയ്തത്. അജ്ഞാതനായ ഒരാളുടെ വിത്ത്.
സിഗ്നലിൽ വണ്ടി നിർത്തിയപ്പോൾ ഹരി ഒരു ദീർഘശ്വാസം വിട്ടു. നെഞ്ചിനുള്ളിൽ എന്തോ ഭാരം കയറ്റിവെച്ചതുപോലെ.
“ഹരി…”
മീരയുടെ ശബ്ദം വളരെ നേർത്തതായിരുന്നു. കരഞ്ഞു കലങ്ങിയ ശബ്ദം. അവൾ മുഖം തിരിക്കാതെ തന്നെ വിളിച്ചു.
“നമ്മൾ ഇനി എന്ത് ചെയ്യും ഹരി?”
ഹരി മറുപടി പറഞ്ഞില്ല. എന്ത് മറുപടിയാണ് പറയേണ്ടത്? അഞ്ചു വർഷമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾക്ക് മുന്നിൽ ‘ഞങ്ങൾക്ക് ഇപ്പോൾ തിരക്കില്ല’ എന്ന് കള്ളം പറഞ്ഞ് പിടിച്ചുനിന്നതാണ്. ഇനി എന്ത് പറയും?