ഉമ്മയിലേക്ക് [KKWriter 2024] [Revised and Extended Edition]

Posted by

***

കുഞ്ഞുണ്ടായത് വന്ദനാ മദർ ആന്റ് ചൈൽഡ് ഹോസ്പിറ്റലിൽ തന്നെയായിരുന്നു.

ഡോ. വന്ദന തന്നെ സുരക്ഷിതമായി പ്രസവം എടുത്തു.

വർഷങ്ങൾക്കുശേഷം രണ്ടാമത്തേതും, ആയിഷയ്ക്ക് നോർമൽ ഡെലിവറി ആയിരുന്നു.

“ആയിഷാടെ ആൾ?”

“ഞങ്ങളാണ്‌.” നബീസ പറഞ്ഞു.

“ദാ, പെൺകുഞ്ഞാണ്‌.”

“അൽ ഹംദുലില്ലാ… ദാ, മോനെ നിന്റെ വാവ…”

“ഉമ്മ്..മ്മ… ഉമ്മ്…മ്മ.”

വെല്യുമ്മായും പേരക്കുട്ടീം കുഞ്ഞിനെ ഏറ്റുവാങ്ങി.

“ആസിഫേ, സന്തോഷായോ?” പുറത്തുവന്ന ഡോ. വന്ദന പുഞ്ചിരിയോടെ ആസിഫിനോട് തിരക്കി.

“ഉവ്വ് ഡോക്റ്ററേ… താങ്ക്സ്.”

“വാവേനെ നോക്കിക്കോളണം…”

“ശരി ഡോക്റ്ററേ…”

അഷറഫിന്‌ വരാൻ പറ്റിയില്ല. അയാൾ വീഡിയോകോളിൽ ഭാര്യയേയും പെൺകുഞ്ഞിനേയും കണ്ട് സന്തോഷിച്ചു.

 

ആസിഫിന്റെ മുഖത്ത് സന്തോഷം അലയടിച്ചുകൊണ്ടിരുന്നു.

അത് കണ്ട വെല്യുമ്മയുടെ പുഞ്ചിരി വറ്റാതെ തെളിഞ്ഞുനിന്നു. അന്ന് അഷറഫിനെ കൈയ്യിൽ വാങ്ങിയപ്പോൾ തന്റെ വാപ്പന്റെ മുഖം ഇതുപോലെ ആയിരുന്നു എന്ന് നബീസ ഓർത്തു. അറിയാതെ കണ്ണുകൾ ഈറനണിഞ്ഞു.

 

നബീസയാണ്‌ ആശുപത്രിയിൽ ആയിഷയ്ക്ക് കൂട്ടുനിന്നത്.

കാലങ്ങൾക്കുശേഷം തറവാട്ടിലേയ്ക്ക് വരുന്ന കുഞ്ഞവകാശിയെ, ആദ്യത്തെ പെൺകുഞ്ഞിനെ, വരവേൽക്കാൻ എന്തൊക്കെ വാങ്ങിവെയ്ക്കണം എന്ന് വെല്യുമ്മ പേരമകന്‌ നിർദ്ദേശങ്ങൾ നൽകി.

ആസിഫ് അപ്രകാരം എല്ലാം വാങ്ങി, വെല്യുമ്മ പറഞ്ഞ വിധത്തിൽ ഉമ്മാടെ മുറിയിൽ ഒരുക്കി.

ഏഴാം ദിവസം അതിരാവിലെ വെല്യുമ്മാനെ ആസിഫ് വീട്ടിലെത്തിച്ചു. എന്നിട്ട് ആശുപത്രിയിലേയ്ക്ക് തിരികെപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *