അധീന ഗ്രൂപ്പും ലൈല ഗ്രൂപ്പുമാണ് മലയാളികളുടെ സൂപ്പർമാർക്കറ്റ് ശ്രേണിയിൽ പ്രമുഖന്മാർ. പിന്നെ നെസ്‌കോ ഗ്രൂപ്പും. പിന്നെ ഉത്തരേന്ത്യൻ കമ്പനികളും പാകിസ്ഥാനി ബംഗ്ലാദേശി ഗ്രൂപ്പുകളുമുണ്ട്. എല്ലാം വളരെ നന്നായി മുന്നോട്ട് പോകുന്ന സ്ഥാപനങ്ങൾ. കണക്കുകളും പേയ്മെന്റുകളും കൃത്യമാണ്.
ഈ രാജ്യത്ത് സുതാര്യമല്ലാത്ത ഒന്നിനും അധികകാലം അതിജീവിക്കാൻ സാധിക്കില്ല. വഞ്ചനയ്ക്കും അതിബുദ്ധികൾക്കും വിദൂരമായ നിലനിൽപ്പില്ല. സ്നേഹിച്ചു ജീവിക്കുക, സമാധാനത്തോടെ മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക. അതിനപ്പുറത്തേക്കുള്ള വിട്ടുവീഴ്ചകൾ ഇവിടെ അനുവദിക്കില്ല. മനുഷ്യരാണ് വലുത്, മനുഷ്യത്വവും. വേഷമോ ഭാഷയോ ദേശമോഅല്ല.!
വാഹിദ് കമ്പ്യൂട്ടറിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു ചെയറിൽ ഒന്ന് ചാഞ്ഞിരുന്നു. ശാരികയുടെ ഓർമ്മ അവന്റെ ബോധമണ്ഡലത്തിലേക്ക് ഒരു മണൽക്കാറ്റ് പോലെ കടന്ന് വന്നു. കാബിനിൽ ഇരുന്നു സിസ്റ്റത്തിൽ നോക്കുന്നത് പോലെ തന്റെ കാബിനിലേക് ഒളിഞ്ഞു നോക്കി എത്രനേരമെന്നറിയാതെ ഇരിക്കുന്ന ശാരികയുടെ രൂപം അവന്റെ മനസ്സിൽ തെളിഞ്ഞു.
ഏതോ വിദൂരസ്മരണയിലെ ഇനിയും ക്ലാവ്പിടിച്ചിട്ടില്ലാത്ത ചിത്രകഥപോലെ അവൾ അവന്റെ ബോധമണ്ഡലത്തിൽ നിറഞ്ഞു വന്നു. അവന്റെ മുഖം ഇരുണ്ട്, കണ്ണുകൾ ഇടുങ്ങി അവിടെ പ്രതികാരത്തിന്റെ മരുഭൂമി തപിച്ചുനിന്നു.
നവോഡയെ പോലെ അതിമനോഹരിയായി അണിഞ്ഞൊരുങ്ങിയ ഈ മഹാനഗരത്തിന്റെ ഏതോ ശീതീകരിച്ച മുറിയിൽ ഇതുപോലെ ഒരു കറങ്ങുന്ന കസേരയിൽ ഇരുന്ന് അവർ ഇപ്പോൾ പൊട്ടിച്ചിരിക്കുന്നുണ്ടാവും.