അവൻ മുഖം തിരിച്ചു വീണ്ടും പഴയ നിൽപ്പ് തുടർന്നു. അവൾ മുന്നോട്ട് വന്ന് വേലിക്കെട്ടിനോട് ചേർന്ന് ബാറകിന്റെ സമീപം നിന്ന് ചുവന്ന് തുടങ്ങിയ ചക്രവാളത്തിലേക്ക് കണ്ണുകൾ അയച്ചു. രക്തം പുരണ്ടത് പോലെ വെളുത്ത മേഘങ്ങളിൽ ചുവപ്പ് പടർന്ന് തുടങ്ങിയിരിക്കുന്നു ഇടയ്ക്കിടയ്ക്ക് കറുത്ത മേഘങ്ങൾ ജീവിത ദുരിതങ്ങൾ പോലെ ഇടകലർന്ന് നിൽക്കുന്നു. അസതമിച്ചിട്ടില്ലാത്ത സൂര്യൻ തീക്ഷണ കുറഞ്ഞു പ്രത്യാശ പോലെ ജ്വലിച്ചു നിൽക്കുന്നു.
“ബാറക്.” പെട്ടന്ന് അവന്റെ ശബ്ദം അവൾ കേട്ടു. എന്താണ് പറഞ്ഞത് എന്ന് മനസ്സിലാകാതെ അവൾ നിർന്നിമേഷം അവനെ നോക്കിയപ്പോൾ ചെറിയൊരു പുഞ്ചിരിയോടെ അവൻ നെഞ്ചിൽ തൊട്ട്കൊണ്ട് അവന്റെ പേര് പറഞ്ഞു, ബാറക്.!
അവൾക്ക് കാര്യം മനസ്സിലായപ്പോൾ നിർവ്വികാരമായ ഒരു മന്ദഹാസം അവളുടെ മുഖത്തു ജനിമൃതിപുൽകി കടന്ന് പോയി. അവൾ തന്റെ നെഞ്ചിൽ കൈ വച്ച് പതിയെ മന്ത്രിച്ചു.
“എലിസബത്ത്.”!!
(തുടരും)