“എന്ത് പറ്റി നൂർജഹാൻ. ന്താ കാര്യം.” കോപം കൊണ്ട് ചുവന്നു തുടുത്ത മുഖത്തേക്ക് നോക്കി അവൻ അങ്കലാപ്പോടെ ചോദിച്ചു. അവൾ അവന്റെ ഡെസ്കിനു സമീപം വന്നുനിന്ന് കിതച്ചു. കൈകൾ പിന്നിൽ ചുറ്റി രൂക്ഷമായി അവനെതന്നെ കണ്ണിമയ്ക്കാതെ നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അവൻ എന്താണ് സംഭവിച്ചത് എന്നറിയാതെ അവളെ തുറിച്ചു നോക്കി.
“കാര്യം പറയൂ. എന്താ കാര്യം, ആകെ അപ്സെറ്റ് ആണല്ലോ.” അവൻ വീണ്ടും ചോദിച്ചു.
അവൾ മറുപടി ഒന്നും പറഞ്ഞില്ല. കിതപ്പ് ഒന്നടങ്ങി.യപ്പോൾ കൈകൾ നേരെയാക്കി വെട്ടിതിരിഞ്ഞു വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിപോയി തന്റെ ഓഫീസിലേക്ക് കയറി.
വാഹിദിന് എന്താ കാര്യമെന്ന് മനസ്സിലായില്ല, അവൾ ദേഷ്യയത്തിലാണെന്ന് മാത്രം മനസ്സിലായി. എന്തായിരിക്കും കാര്യം? താനൊന്നും ചെയ്തില്ല ല്ലോ. അതിന് പിന്നാലെ തന്റെ ചിന്തയെ നയിക്കാതെ അവൻ തന്റെ മുന്നിലെ മോണിറ്ററിൽ കണ്ണോടിച്ചിരുന്നു. കുറേ മെയിലുകൾ വന്നു കിടപ്പുണ്ട്.
ഇതൊക്ക നാട്ടിലെ ഓഫീസിൽ സൈൻ ഇൻ ചെയ്തു നോക്കിക്കൊണ്ടിരുന്നതാണ്. ഭൂമിയുടെ ഏതോ ഭാഗത്തുള്ള മണ്ണിൽ, അല്ല മണലിൽ കെട്ടിപ്പടുത്ത ബിസിനസ്സ് സാമ്രാജ്യത്തിലെ കോടികളുടെ കണക്കുകൾ കേരളത്തിലെ ഒരു മൂലയിൽ ഇരുന്നു കൈകാര്യം ചെയ്യുന്ന രസകരമായ തമാശയിൽ നിന്ന് ആ മണൽകാട്ടിലെ ചുടുകാറ്റ് വീശുന്ന ഭൂമിയിൽ വന്നു അതേ കണക്കുകൾ പരിശോധിക്കുന്ന വിചിത്രമായ വിധിയുടെ കണക്കുകൂട്ടലുകൾ അവൻ ചിന്തിച്ചു.
അറബ് പേരുകൾ ഉള്ള സൂപ്പർ മാർക്കറ്റുകൾ, മലയാളം പേരുള്ള സ്ഥാപങ്ങൾ. ഉറുദു, ബംഗാളി, തമിഴ് എന്ന് വേണ്ട അനേകമനേകം ദേശങ്ങളും രാജ്യങ്ങളും ഒരേ രാജ്യത്ത് സമ്മേളിക്കുന്ന അതിമനോഹരമായ ആവാസമേഖലയിലാണ് താനുള്ളത്.