സുധി പറഞ്ഞു നിർത്തി. ശ്യാമ കരഞ്ഞുകൊണ്ട് സുധിയെ കെട്ടിപിടിച്ചു..
“ഏയ് കരയല്ലേ പെണ്ണെ.. നീ എന്തിനാ കരയുന്നത്. നിന്റെ കൂടെ ഞാൻ ഇല്ലേ. ബാക്കിയൊക്കെ മറന്നു കളഞ്ഞേക്ക്. ഇതാണ് ഞാൻ നിന്നോട് ഒന്നും പറയാതിരുന്നത്. ഇതൊക്കെ നീ അറിഞ്ഞാൽ നിനക്ക് സഹിക്കാൻ കഴിയില്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.. കരയല്ലേ പെണ്ണേ കരയല്ലേ. ”
സുധിയെ കെട്ടിപിടിച്ചു കരഞ്ഞ ശ്യാമ കുറച്ചു കഴിഞ്ഞു പറഞ്ഞു.
“ഇല്ല കരയില്ല അപ്പു ഏട്ടൻ പറഞ്ഞോ” . സുധി തുടർന്നു.
“അന്ന് ആ പ്രശ്നം ഉണ്ടാക്കിയ ഓരോരുത്തരെ ആയി അവർ കണ്ടെത്തി . ആരും അറിയാതെ അവരെയൊക്കെ പിടിച്ചു കൊണ്ട് വന്ന്. അവരെ ചോദ്യം ചെയ്തു. അറിയേണ്ടതൊക്കെ അറിഞ്ഞു. അതിൽ ഓരോരുത്തരെ ആയി ആരും അറിയാതെ അവർ കൊന്നു കളഞ്ഞു. ഒരു തെളിവ് പോലും ഇല്ലാതെ.
അപ്പോഴേക്കും ഞാൻ പോലീസിലും കണ്ണൻ പട്ടാളത്തിലും ആയിരുന്നു. പിന്നെ കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അമ്മു ഡോക്ടർ കൂടെ ആയി അതോടെ ഞങ്ങളും അവർക്കൊപ്പം നിന്നു.
അതിന് മുൻപ് തന്നെ അമ്മാവൻ ഞങ്ങളുടെ പഴയ സ്വത്തുക്കൾ ഓരോന്നായി തിരിച്ചു പിടിക്കാൻ തുടങ്ങിയിരുന്നു. അങ്ങനെ തിരിച്ചു പിടിച്ച ഒരു സ്ഥലത്താണ് ഇന്ന് നമ്മുടെ ഹോസ്പിറ്റൽ ഉള്ളത്. ”
“അപ്പോൾ അമ്മ. എന്റെ അമ്മയ്ക്ക് ശരിക്കും അന്ന് എന്താ പറ്റിയത്. അപ്പോൾ അന്ന് അമ്മ ട്രെയിൻ തട്ടി മരിച്ചെന്നു പറഞ്ഞിട്ട്..? ”
“അത് ഞങ്ങൾക്കും അറിവുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം ആണ് ആ സത്യം ഞങ്ങൾ അറിഞ്ഞത്. ഞങ്ങളുടെ അപ്പച്ചി മരിച്ചിട്ടില്ലെന്ന്. അച്ഛനും അമ്മാവനും ചേർന്ന് പിടിച്ചവരൊക്കെ പറഞ്ഞത് അത് അപ്പച്ചി തന്നെയാണ് എന്നാ. അന്ന് റെയിൽവേ ട്രാക്കിൽ മരിച്ചു കിടന്നത്. നിന്റെ അച്ഛൻ ആണ് അപ്പച്ചിയെ കൊന്ന് റയിൽവെ ട്രാക്കിൽ കൊണ്ട് പോയി ഇട്ടത് എന്ന്. “