“അവനാകും ആ വാഹിദ്. എല്ലാറ്റിനും പിന്നിൽ അവന്റെ ബുദ്ധിയാകും.” തുഷാർ പല്ല് ഞെരിച്ചു.
“അവന്റേത് മാത്രമാകില്ല. ആ നായിന്റെ മോൻ രാജൻ അന്ന് പറഞ്ഞതിന്റെ അർത്ഥം ഇപ്പോഴാ എനിക്ക് ബോധ്യപ്പെട്ടത്. കേസ് ഇല്ലാതെ തന്നെ ക്യാഷ് തിരികെ എത്തിക്കാൻ അറിയാം എന്ന് പറഞ്ഞതിന്റെ പൊരുൾ ഇപ്പൊ മനസ്സിലായി. ആ വാഹിദിനെ മുന്നിൽ നിർത്തിക്കൊണ്ട് രാജൻ കളിച്ച കളിയാവും.” ജോർജ് കനത്ത ശബ്ദത്തിൽ പറഞ്ഞു. സെയ്‌താലി ഒന്നിരുത്തി മൂളി. പിന്നെ ചോദിച്ചു.
“അപ്പൊ തോട്ടത്തിലെ ചരക്ക് ഉടനെ മാറ്റണ്ടേ. അവിടെ ഉള്ളവരെ വിവരം അറിയിച്ചില്ലെങ്കിൽ അതോടെ നമ്മളും കുടുങ്ങില്ലേ.” അയാൾ ജോർജിനെ നോക്കി. അയാൾ അർത്ഥഗർഭമായി തലയാട്ടി. എന്തോ ഗൂഢമായ പദ്ധതി അയാളുടെ മൃഗബോധത്തിൽ പൗശാചികമായി ഉരുവം കൊള്ളുന്നുണ്ടെന്നു രണ്ടുപേർക്കും മനസ്സിലായി.
അവർ വേഗം അവിടെ നിന്നിറങ്ങി ജോർജ്ന്റെ കാറിൽ കയറി. നേരം വെകുന്നേരമായി തുടങ്ങിയിരുന്നു സായാഹ്ന വെയിലിന്റെ സ്വർണ്ണച്ഛവി തങ്കമുരുക്കിയൊഴിച്ചത് പോലെ ഭൂമിയിലേക്ക് പാളി വീഴുന്നുണ്ട്. നേർത്ത കോടമഞ്ഞിന്റെ ആവരണം പുതച്ച പ്രകൃതിയുടെ സുതാര്യതയിലൂടെ ആ ബാലാതപത്തിന്റെ കിരണങ്ങൾ അന്തരീക്ഷത്തിൽ പ്രസരണം ചെയ്തു. കാട്ടുമരങ്ങൾക്കിടയിലൂടെ നീണ്ടു പോകുന്ന ഹൈവേയിലൂടെ കുതിച്ചു പായുന്ന ആ കാറിന് പിന്നിലേക്ക് രണ്ട് ബുള്ളറ്റുകൾ കടന്നു കയറി അവരെ പിന്തുടർന്ന് കൊണ്ടിരുന്നു. തങ്ങളെ ആരോ പിന്തുടരുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ ജോർജ് കാറ് സിറ്റിയിലേക്ക് തിരിച്ചു നേരെ തന്റെ ഓഫിസിലേക്ക് പോയി.