അവൻ അവളുടെ hand പേഴ്‌സ് തപ്പി നോക്കി. പിന്നെ ബാറിലേക്ക് കയറി അവൾ ഇരുന്ന സ്ഥലം പരിശോധിച്ചു. താഴെ നിലത്തു വീണു കിടക്കുന്ന കാർ കീ എടുത്ത് കാറിൽ ചെന്നു കയറി. എലിസബത്ത് അർദ്ധ ബോധത്തിൽ എന്തൊക്കെയോ പൂറുപിറുക്കുന്നു. ചതിയാ വെറും ചതി.. നിങ്ങളെ ഒതുക്കാനുള്ള നശിപ്പിക്കാനുള്ള കളിയാ എന്നൊക്കെ അവൾ കുഴഞ്ഞു സ്വരത്തിൽ പിറുപിറുക്കുന്നു.അവൻ അവളോട് വീട് എവിടെയാണെന്ന് ചോദിച്ചു മനസ്സിലാക്കി വേഗം ഡ്രൈവ് ചെയ്തു രാത്രി പതിനൊന്നു മണിയായിരിക്കുന്നു. ഒരു മണിക്കൂർ കൊണ്ട് ബാർ അടക്കും.
വീട്ടിൽ എത്തിയപ്പോൾ അവൻ എലിസബത്തിനെ ചുമലിൽ പിടിച്ചു പുറത്തേക്ക് ഇറക്കാൻ ശ്രമിച്ചപ്പോൾ അവൾ അവനെ അകത്തേക്ക് വലിച്ചിട്ടു.
“മാഡം ന്താ ഇത്. വീടെത്തി.” അവൻ പേടിയോടെ പറഞ്ഞു.
“മാഡമോ.. തനിക്ക് ഞാൻ മാഡം ആണല്ലേ. ഓഹ് ഒരു സുന്ദഴി കൂടെ ള്ളപ്പോ പിന്നെ ഞാനൊക്കെ ന്ത്. വെഴും മാഡം..” അവൾ ആരോടോ സംസാരിക്കുന്നത് പോലെ പറയുന്നു.
“മാഡം ഇറങ്ങൂ. എനിക്ക് പോണം. സമയം പോവുന്നു.”
“തന്നെ ഞാൻ വിടില്ല. എനിക്ക് മറക്കാൻ വയ്യ.. പോവണ്ട. ന്റൊപ്പം കിടന്നോ.” അവൾ അവനെ തളർന്ന കൈകൾ കൊണ്ട് കെട്ടിപ്പിടിച്ചു വാടിയ പൂവുപോലെ കിടന്നു. എന്ത് ചെയ്യണം എന്നറിയാതെ അവൻ അവളെ തള്ളിമാറ്റി. അപ്പോഴേക്കും ഗേറ്റ് നടന്നിട്ടും വണ്ടിയിൽ നിന്ന് പുറത്തേക്ക് ആരും ഇറങ്ങി പോവുന്നത് കാണാത്തത് കൊണ്ട് സെക്യൂരിറ്റി അങ്ങോട്ട് വന്നു. ആ യുവാവ് കാറിൽ നിന്നിറങ്ങി സെക്യൂരിറ്റിയോട് കാര്യങ്ങൾ പറഞ്ഞു. സെക്യൂരിറ്റി അയാളുടെ ബൈക്ക് ആ യുവാവിന് കൊടുത്തിട്ട് നാളെ തിരികെ കൊണ്ട് തന്നാൽ മതി എന്ന് പറഞ്ഞു തിരിച്ചയച്ചു. അവൻ അതിൽ കേറി ഓടിച്ചു പോയി കണ്ണിൽ നിന്ന് മറഞ്ഞു.