അച്ഛൻ വാസുദേവൻ ആകട്ടെ, കല്യാണത്തിരക്കിനിടയിലും മകനെ കണ്ട സന്തോഷത്തിൽ ശാന്തമായി തലയാട്ടി. “അമലേ, നീയുള്ളത് നന്നായി. ഒറ്റയ്ക്ക് ഓടി നടന്ന് ഒരുപാടായി. നീയും കൂടി കൂടിയാൽ എനിക്കിപ്പോൾ ഒരു ആശ്വാസമാകും.” വാസുദേവന്റെ വാക്കുകളിൽ അവനോടുള്ള വിശ്വാസം നിറഞ്ഞു നിന്നു.
കുടുംബത്തോടൊപ്പമുള്ള ആ ദിവസങ്ങൾ, നഗരത്തിലെ ‘ലോക്കൽ ഹോസ്റ്റിംഗ്’ സെർവറുകളിൽ നിന്ന് മാറി, സ്വന്തം മണ്ണിന്റെ വേരുകളിലേക്ക് മടങ്ങിപ്പോയതുപോലെ അമലിന് തോന്നി.
തിരക്കുകൾക്കിടയിലും, പൂരത്തിന്റെ അന്ന് വൈകുന്നേരം അവൻ കുളിച്ചു വൃത്തിയായി. പതിവ് പോലെ അവൻ ഒരു വെള്ള ഷർട്ടും മുണ്ടുമായിരുന്നു വേഷം. ഇത് അവന്റെ നാട്ടിലെ ഇഷ്ട്ട വേഷമാണ്. ലളിതവും, എന്നാൽ അന്തസ്സുള്ളതുമായ വേഷം. ക്ഷേത്രത്തിലേക്ക് പുറപ്പെടും മുൻപ് അമ്മ അവന് നെറ്റിയിൽ ഭസ്മം തൊട്ടു കൊടുത്തു.
”നീ സൂക്ഷിച്ചു പോണം അമൽ. വലിയ തിരക്കായിരിക്കും. അവിടെയുള്ള ബഹളത്തിൽ കൂട്ടുകാരെ കാണാതെ പോകരുത്.” മാലതിയുടെ ഉപദേശം കേട്ട് അവൻ ചിരിച്ചു.
”പേടിക്കണ്ട അമ്മേ, ഞാൻ വിനുവിന്റെയും ഹരീഷിന്റെയും കൂടെ ഉണ്ടാകും. ഞങ്ങൾ ഇന്നത്തെ രാത്രി മുഴുവൻ ആസ്വദിക്കാൻ പോവുകയാണ്.”
ക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ അവൻ തന്റെ കൂട്ടുകാരായ വിനുവിനെയും ഹരീഷിനെയും കണ്ടുമുട്ടി. വിനു, അവന്റെ കുട്ടിക്കാലം മുതലുള്ള ചങ്ങാതിയാണ്. ഇപ്പോൾ ഗൾഫിൽ ജോലി ചെയ്യുന്നു. ഹരീഷ് നാട്ടിൽ ഒരു ബാങ്കിൽ ജോലി ചെയ്യുന്നു.
ക്ഷേത്രമുറ്റം തിങ്ങിനിറഞ്ഞിരുന്നു. പൂരപ്രേമികളുടെയും നാട്ടുകാരുടെയും തിരക്ക്. ആനകൾ തലയാട്ടി നിന്നു, ചെണ്ടമേളം അന്തരീക്ഷത്തിൽ ഒരു തീവ്രത പടർത്തി. പഞ്ചവാദ്യത്തിന്റെയും ചെണ്ടയുടെയും അകമ്പടിയോടെ, വിളക്കുകൾ തെളിഞ്ഞ ആ അന്തരീക്ഷത്തിൽ ഒരു മായ ലോകം പോലെ തോന്നി.