ആ വെള്ളത്തിനടിയിൽ ഉണ്ടായിരുന്ന ആറാമത്തെ കവാടം… അത് ഇവർ കണ്ടിട്ടില്ല!
ഗുഹയിൽ അഞ്ച് വഴികൾ മാത്രമല്ല ഉണ്ടായിരുന്നത്, വെള്ളത്തിനടിയിൽ ഒളിഞ്ഞിരുന്ന ആ ആറാമത്തെ കവാടത്തിലാണ് ഈ ചിഹ്നം ഞാൻ കണ്ടത്.
പക്ഷേ അത് ഇവർ കണ്ടിട്ടില്ലെങ്കിൽ… കാര്യങ്ങൾ ഞാൻ വിചാരിച്ചതിലും സങ്കീർണ്ണമാണ്.
കൂടുതൽ എന്തെങ്കിലും പറഞ്ഞ് അവർക്ക് സംശയമുണ്ടാക്കണ്ട എന്ന് കരുതി ഞാൻ മൗനം പാലിച്ചു.
”മ്മ്…”
ഞാനൊന്ന് മൂളുക മാത്രം ചെയ്തു.
വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്ത് റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി പാഞ്ഞു.
ആമിയും നിധിയും പരസ്പരം സംസാരിക്കുന്നില്ലെങ്കിലും റോസ് വഴി അവർ എപ്പോഴും കൊമ്പ് കോർത്തേ ഇരുന്നു…
എന്നിരുന്നാലും രണ്ട് പേരും ഇടക്കിടക്ക് എന്നേ നോക്കാൻ മറന്നില്ല. ഞാൻ എന്തൊക്കെയോ ഒളിക്കുന്നുണ്ട് എന്ന് മനസ്സിലായിരിക്കണം.
അധികം താമസിയാതെ ഞങ്ങൾ സ്റ്റേഷനിലെത്തി.
നഗരത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം മാറി, ആരും അധികം വരാത്ത, കാലപ്പഴക്കം ചെന്ന ഒരു റെയിൽവേ സ്റ്റേഷൻ. പ്ലാറ്റ്‌ഫോമിലാകെ കരിയിലകൾ വീണു നിറഞ്ഞു കിടക്കുന്നു.
വിജനമായ ആ വഴിയിലൂടെ ഞാൻ മുന്നോട്ട് നടന്നു. തൊട്ടുപിന്നിലായി അവർ മൂന്നുപേരും ഉണ്ടായിരുന്നു.
ദൂരെ… ആ ഒഴിഞ്ഞ പ്ലാറ്റ്‌ഫോമിലെ ഒരു ബെഞ്ചിൽ, താടിക്ക് കയ്യും കൊടുത്ത് ഉദാസീനയായി ഇരിക്കുന്ന ഒരു പെൺകുട്ടിയെ ഞാൻ കണ്ടു. ഒറ്റയ്ക്കിരിക്കുന്ന ആ രൂപത്തിന് ചുറ്റും എന്തോ ഒരു ശൂന്യത തളംകെട്ടി നിൽക്കുന്നതുപോലെ.