റോസ് കൂടെയുണ്ടെന്ന ബോധം അപ്പോഴാണ് ആമിക്കും നിധിക്കും വന്നതെന്ന് തോന്നുന്നു. അവർ രണ്ടുപേരും റിയർവ്യൂ മിററിലൂടെ പരസ്പരം ഒന്ന് നോക്കി. ആ നോട്ടത്തിൽ ‘ഇനി മിണ്ടരുത്’ എന്നൊരു താക്കീത് ഉണ്ടായിരുന്നു.
കാറിനുള്ളിൽ വീണ്ടും കനത്ത നിശബ്ദത തളംകെട്ടി. വണ്ടിയുടെ എഞ്ചിൻ ശബ്ദം മാത്രം കേൾക്കാം. ആരും പരസ്പരം മുഖത്തുനോക്കാൻ പോലും മടിക്കുന്ന അവസ്ഥ.
കുറച്ചു ദൂരം പിന്നിട്ടുകാണും…
പെട്ടെന്നാണ് നിശബ്ദത ഭേദിച്ചുകൊണ്ട് റോസിന്റെ ശബ്ദം പിന്നിൽ നിന്നും ഉയർന്നത്.
”ദേവാ… നീ എപ്പോഴാ കഴുത്തിന് പുറകിലായി ഇങ്ങനൊരു ടാറ്റു അടിച്ചത്?”
അവളുടെ ചോദ്യം കേട്ട് എനിക്ക് ആദ്യം ഒന്നും മനസ്സിലായില്ല.
”ടാറ്റുവോ…? എന്ത് ടാറ്റു? എന്റെ ദേഹത്ത് അങ്ങനൊന്നുമില്ലല്ലോ…”
ഞാൻ സംശയത്തോടെ മിററിലൂടെ അവളെ നോക്കി.
”അല്ലടാ, നിന്റെ കഴുത്തിന് തൊട്ടുതാഴെയായി… ഒരു പാമ്പിന്റെ രൂപം…”
’പാമ്പ്’ എന്ന വാക്ക് കേട്ടതും എന്റെ ഉള്ളിലൊരു ആളൽ ഉണ്ടായി. ഞാൻ അറിയാതെ ബ്രേക്കിൽ ചവിട്ടിപ്പോയി.
ടയറുകൾ റോഡിൽ ഉരസി വലിയൊരു ശബ്ദത്തോടെ കാർ നിന്നു.
മുൻസീറ്റിലിരുന്ന ആമി വേച്ചുപോയെങ്കിലും സീറ്റ് ബെൽറ്റ് ഉണ്ടായിരുന്നത് കൊണ്ട് തലയിടിച്ചില്ല. അവൾ പേടിയോടെ എന്നെ നോക്കി. പിന്നിൽ നിധിയും റോസും അമ്പരന്നിരിക്കുകയാണ്.
എല്ലാവരുടെയും നോട്ടം ഇപ്പോൾ എന്റെ ശരീരത്തിലേക്കാണ്.
എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടിയിരുന്നു.