ചോദ്യവും പറച്ചിലുമൊന്നുമില്ലായിരുന്നു. ഏട്ടത്തിയുടെ കരച്ചിൽ കണ്ടപ്പോ മുതലുള്ള ദേഷ്യവും,സങ്കടവുമാണ് എല്ലാം കൂടെ അളിയന്‍റെ മുഖത്തങ്ങു തീര്‍ത്തു. ജിമ്മിൽ പോവുമ്പോ ബോക്സിങ് പഠിപ്പിക്കണ കൂട്ടുകാരന്‍റെ കയ്യിൽന്ന് കിട്ടിയ ചെറിയ നമ്പറുകളിൽ ഒന്ന്. ആഞ്ഞു ഞാൻ അളിയന്‍റെ ഇടത്തേ മോന്തക്ക് കുത്തി. ഒറ്റൊന്ന് മാത്രം. എല്ലാം ശക്തിയുമെടുത്ത് ഒന്ന് മാത്രം. എന്തേലും ചെയ്യാൻ പറ്റണ മുന്നേ,കൈ ഒന്ന് പൊക്കി എന്നെ തടയാൻ നോക്കുന്ന മുന്നേ അവന്‍റെ മുഖത്ത് എന്‍റെ മുഷ്ടി പതിഞ്ഞിരുന്നു. കാറ്റൊഴിഞ്ഞ ബലൂൺ കണക്കെ ബോധമില്ലാതെ നാറി നിലത്തേക്ക് വീണു. അനുഷേച്ചി പകച്ചു നോക്കി.
“ചേച്ചി വാ. ..” ഞാനാ കൈ പിടിച്ചു വിളിച്ചു. അനുസരണയുള്ള കുട്ടിയെ പോലെ ചേച്ചി പുറകെ പോന്നു.
നേരെ പോയത് അമ്മയുടെയും വന്നവരുടേയും മുന്നിലേക്കാണ്. തമ്പുരാട്ടിക്കും ഇനി ചേച്ചിയെ പറഞ്ഞയക്കാൻ വല്ല ഉദ്ദേശമുണ്ടേൽ അതും ഒന്ന് മാറ്റി കൊടുക്കണല്ലോ?.ഞങ്ങളുടെ വരവ് കണ്ട് അവരൊക്കെയോന്ന് അമ്പരന്ന് നോക്കി.
“ചേച്ചി എങ്ങട്ടും വരുന്നില്ല…!!!” അനുഷേച്ചിയെ മുന്നിൽ നിർത്തി ഉറച്ച വക്കാലെ ഞാൻ പറഞ്ഞു. തമ്പുരാട്ടിയുടെ മുഖത്തു ഒരു ചിരി മിന്നി മാഞ്ഞു. തന്തയും,തള്ളയും മുഖത്തോട് മുഖം നോക്കി.
പെട്ടന്നു അവരുടെ നോട്ടം ബാക്കിലേക്ക് നീണ്ടു. അളിയൻ വായിൽ നിന്ന് ചോരയുമായി കവിളും പൊതിഞ്ഞു വരുന്നു.
“മോനെ…!!!” തള്ളയുടെ രോദനം.തന്തയും,തള്ളയും ചാടി എഴുനേറ്റു.
“ശ്രീദേവി ഇത് മോശായിപ്പോയി. വീട്ടിൽ വന്നവരെ തല്ലണതാണോ നിങ്ങടെ സംസ്കാരം….” തള്ള മോനെ ചേർത്തു നിർത്തി ചീറി. തമ്പുരാട്ടി അത് ചിരിച്ചു തള്ളി.