വീണ്ടെടുക്കാൻ വന്നവൻ 1
Veendedukkan Vannavan Part 1 | Author : Thejas Varkey
മുറിയിൽ ഇരുന്നാൽ മുഷിയും. ഒന്ന് നടക്കാം എന്ന് കരുതി ഞാൻ എന്റെ ഹെഡ്‍ഫോൺ എടുത്ത് വച്ച് കാര്യവട്ടം-ശ്രീകാര്യം റോഡിൽ കൂടി പതിയെ നടന്നു. വെളുപ്പിനെ 3 മണിക്ക് ഞാനും കുറച്ചു പട്ടികളും പിന്നെ റോഡ് കാലിയായതുകൊണ്ട് ചീറിപ്പാഞ്ഞുപോകുന്ന വണ്ടികളും. 4 മാസമായി ഇപ്പൊ ഇതാ ശീലം. ഇരുന്ന് മുഷിയുമ്പോ ഞാൻ ഇറങ്ങി നടക്കും. തളരുമ്പോൾ ഏതേലും കടയിൽ കേറും ചായ കുടിക്കും കുറച്ച് നേരം അങ്ങനെ ഇരിക്കും. ഒരു സിഗററ്റ് വലിക്കും പിന്നെ തിരിച്ചു നടക്കും.
വീടിന്റെ മുന്നിലെ എത്തിയപ്പോൾ ഞാൻ ചാവി എടുത്ത് വാതിൽ തുറന്ന് അകത്തുകയറി. ബ്രഷ് എടുത്ത് പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഞാൻ ചായ ഉണ്ടാക്കാൻ വേണ്ടി പാൽ വച്ചിട്ട്, രണ്ടാമത്തെ അടുപ്പിൽ മുട്ട പുഴുങ്ങാൻ വെള്ളം വച്ചു. 3 മുട്ടയും ചായക്ക് പോയിട്ട് ബാക്കി വന്ന് ചൂട് പാൽ ഞാൻ ഓട്സ്ൽ ഒഴിച്ചു. അതും കഴിച് ഞാൻ ജോലിക്ക് പോകാൻ ഇറങ്ങി.
രാവിലെ സ്കൂൾ സമയത്തിന് മുൻപേ ഞാൻ പാളയം കഴിഞ്ഞിട്ടുണ്ടാകും. പിന്നെ അവിടെന്ന് വലിയ തിരക്ക് കാണില്ല. ഓഫീസിൽ പോയി ഓൺലൈൻ പഞ്ച്-ഇൻ ചെയ്തു ഞാൻ പുറത്തോട്ട് ഇറങ്ങും. അടുത്തുള്ള ചായകടയിൽ പോയി ഇരുന്ന് ഇന്നത്തെ അപ്പോയിന്റ്മെന്റ് നോക്കുമ്പോഴേക്കും കുട്ടൻ എന്റെ ചായ കൊണ്ടുത്തരും. മൂന്ന് വർഷമായിട്ടുള്ള ശീലമായത് കൊണ്ട് കുട്ടനോട് ഞാൻ ഒന്നും പറയാതെ തന്നെ ചായ എത്തും.
നാല് ഡോക്ടർ ഇന്ന് അപ്പോയിന്റ്മെന്റ് തന്നിട്ടുണ്ട്.ഈ മാസം സെയിൽസ് മോശമല്ല അതുകൊണ്ടുതന്നെ വലിയ പ്രേശ്നമില്ലാതെ പോയി. അല്ലേൽ ടീം ലീഡർ മുതൽ അങ്ങോട്ടുള്ള എല്ലാത്തിന്റേം വായിലിരിക്കുന്ന തെറി കേൾക്കണം. ചില സമയം ഈ മെഡിക്കൽ rep പണി കളഞ്ഞിട്ട് എങ്ങോട്ടേലും ഓടി പോകാൻ തോന്നും.