“അനിയത്തി ഇപ്പൊ എവിടെയാ?”
അവന്റെ വാക്കുകളിൽ കൂടെയെങ്കിലും കിട്ടിയ സ്ത്രീ സാന്നിധ്യത്തിന്റെ ആശ്വാസത്തിൽ ചോദിച്ചു.
“മരിച്ചു പോയി.” തണുത്ത സ്വരം.
അവന്റെ വേദന അവളിലേക്കും പങ്കു വയ്ക്കപ്പെട്ടു.
അടുക്കളയിലെത്തിയപ്പോൾ അവൾ ചുറ്റും നോക്കി.
ഫ്രിഡ്ജും ഗ്യാസ് അടുപ്പും മിക്സിയുമൊക്കെയുണ്ട്. അപ്പോഴേക്കും അവൻ പുറത്തേക്കുള്ള വാതിൽ തുറന്ന് ചായ്‌പ്പിലേക്ക് ഇറങ്ങി. ഷീറ്റ് അടിച്ച ഒരു എക്സ്ടെൻഷൻ ആണ്. അവിടെ ഒരു വാഷ്ബേസിൻ വച്ചിട്ടുണ്ട്.
“ദേ അതാണ് ബാത്രൂം.” പുറത്തേക്ക് അവൻ ചൂണ്ടിക്കാണിച്ചു.
“ഇവിടെ പല്ല് തേച്ചോ. ദാ ഉമിക്കരി.” വാഷ് ബേസിന്റെ മുകളിലെ തട്ടിൽ നിന്ന് ഒരു കുപ്പി എടുത്ത് കൊടുത്തിട്ട് അവൻ തിരിഞ്ഞ് നടന്നു.
ഹന്ന പേടിയോടെ ചുറ്റും നോക്കി.
വെട്ടം വീണിട്ടുണ്ട്. എങ്കിലും പരിചയമില്ലാത്ത സ്ഥലമാണ്. പിറകിൽ ചുറ്റുമതിൽ ഉണ്ടോന്നും അറിയാൻ വയ്യ.
സൂക്ഷിച്ചു നോക്കുമ്പോൾ മരങ്ങളും ചെടികളും മാത്രമാണ് കാണാൻ കഴിയുന്നത്. അവനോട് കുറച്ചു നേരം നിൽക്കാമോ എന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. എന്നാൽ അതിനുള്ള സ്വാതന്ത്ര്യം ഇല്ല.
അയാൾക്ക് തന്നോട് ഇഷ്ടമില്ല. അയാൾ കെട്ടിയ താലിയില്ല. പിന്നെന്ത് സ്വാതന്ത്ര്യം?
അകത്തേക്ക് നടന്നു കേറിയ കൈലാസ് ഒന്ന് രണ്ടു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തിരിച്ചു വന്നു.
അപ്പോഴേക്കും അവൾ ഉമിക്കരിയെടുത്ത് പല്ല് തേച്ച് തുടങ്ങിയിരുന്നു.
“താനിവിടെ ആദ്യമായിട്ടല്ലേ.. ഞാൻ ഓർത്തില്ല.” അതും പറഞ്ഞ് കട്ടിളയിൽ ചാരി നിന്ന് പുറത്തോട്ട് നോക്കി നിന്നവൻ.