ആരോ എന്തോ ചോദിച്ചതിന് അൻസിയാണ് കൊണ്ട് വന്നതെന്ന് മാത്രം മറുപടി കൊടുത്തു. അവളെക്കൂടി ഇതിൽ വലിച്ചിടുന്നോടി എന്ന് ചോദിച്ച് കൊച്ചാപ്പ കൈ വീശി തല്ലി.
ഹന്ന ഇടത് കവിളിൽ കൈ വച്ചു.
ഇപ്പോഴും വിങ്ങി നോവുന്നുണ്ട്. മനസ്സിന്റെ വേദനയിൽ ശരീരത്തിന്റെ വേദനകൾ അറിയുന്നുപോലുമില്ല.
കൈലാസിന് മനസ്സിലായി അവളുടെ ചിന്തകളിൽ എന്താണെന്നുള്ളത്.
“ഇന്നലെ നടന്ന സംഭവങ്ങളുമായി അവൾക്ക് ബന്ധമില്ല എന്ന് തോന്നുന്നുണ്ടോ?”
മറുപടി കൊടുക്കുന്നതിന് പകരം കണ്ണും നിറച്ചൊരു നോട്ടമായിരുന്നു.
പാവം.
അവന്റെ മനസ്സ് വേദനിച്ചു.
“നദീമിനെ മാത്രം സത്യം ബോധിപ്പിച്ചാൽ മതിയല്ലോ. അവൻ വന്നു വിളിക്കുകയാണെങ്കിൽ തിരിച്ചു പോവുമോ?”
പ്രതീക്ഷ നിറഞ്ഞ ആ മുഖം കണ്ടപ്പോൾ കൈലാസിന്റെ ഉള്ളിലൊരു വല്ലായ്മ തോന്നി. അവൾ പോവില്ലെന്ന് പറയുമെന്ന് താൻ ആഗ്രഹിച്ചോ?
ആർക്ക് വേണേലും സംശയിക്കാവുന്ന ഒരു സാഹചര്യം ആണ് കഴിഞ്ഞു പോയത്. അതിനാൽ നദീമിനെ കുറ്റപ്പെടുത്താൻ ഹന്നയ്ക്ക് തോന്നിയില്ല. എന്നാൽ അവനും താനും മാത്രം ഉള്ളതല്ല ഒരു ജീവിതമെന്നും കൊച്ചാപ്പയുടെ വാക്കിന് അപ്പുറത്തേക്ക് നദീമും അപ്പച്ചിയും പോവില്ലെന്നും ഉറപ്പായിരുന്നു.
“അവിടേക്ക് തിരിച്ചു പോകണമെന്ന് എനിക്കില്ല. ഞാൻ ചതിച്ചില്ലെന്ന് ഇക്ക അറിഞ്ഞ മതി എന്നെ ഉള്ളൂ എനിക്ക്. ഒരു ജോലി കിട്ടിയിരുന്നേൽ എനിക്ക് ഹോസ്റ്റലിലോട്ട് വല്ലതും പോകാമായിരുന്നു.”
“അതെന്തിനാപ്പോ ഹോസ്റ്റൽ?” കൈലാസിന്റെ മുഖം ചുളിഞ്ഞിരുന്നു.
“ഞാൻ ചേട്ടനൊരു ബാധ്യത ആവും.”
“അതെയതെ ഞാൻ നിന്നെ ചുമന്നോണ്ട് നടക്കുവാണല്ലോ.
ഈ ഡ്രസ്സ് ഇന്നലെ മുതൽ ഇട്ടിരിക്കുന്നതല്ലേ? തൽക്കാലം എന്റെ എന്തെങ്കിലും എടുത്തു തരാം. കുളിച്ച് വേഷം മാറി നിൽക്ക്. ഡ്രസ്സ് ഞാൻ വാങ്ങിക്കൊണ്ട് വരാം.”