അവരുടെ വിശേഷങ്ങളും അവരുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വരെ വിശേഷങ്ങളും ചോദിച്ചറിയും. പക്ഷേ നെസ്റ്റ് വിട്ട് അധികം ദൂരെക്ക് എങ്ങോട്ടും പോകാറില്ല. അവിടെ ഇരുന്ന് പുസ്തകങ്ങൾ വായിക്കും അത്ര തന്നെ. ഒരു ദിവസം, തറയിൽ കിടക്കുന്ന പുസ്തകങ്ങൾ അടുക്കിവെക്കുകയായിരുന്ന ഞാൻ ചോദിച്ചു,
“സാറെന്താ ഇവിടുത്തെ സ്ഥലങ്ങളൊന്നും കാണാന്‍ പോകാത്തത്? ഇങ്ങനെ പുസ്തകം വായിക്കാനാണെങ്കിൽ വൈകാശിയിലേക്ക് വരണ്ടായിരുന്നല്ലോ…..ഇവിടെ ഒരുപാട് കാണാനുണ്ട്.”
സോഫയിൽ കിടന്ന് ഏതോ കട്ടിയുള്ള പുസ്തകം വായിക്കുകയായിരുന്ന അയാൾ എഴുന്നേറ്റിരുന്ന് എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,
“പോകണമെന്ന് വിചാരിച്ചിട്ടാണ് ഞാൻ വന്നത്… പിന്നെന്തോ മടിയായി….കുറച്ച് പേടിയുമുണ്ടെന്ന് കൂട്ടിക്കോ… ഉളള സമയം കൊണ്ട് ഒരുപാടൊക്കെ കാണണം, ചെയ്യണം എന്നൊക്കെ മനസ്സിലുണ്ടായിരുന്നു…. പക്ഷേ പേടി….. വല്ല മലയും കേറുമ്പോ വീണുപോകുമോ എന്നൊരു ഭയം…”
“അതെന്തിനാ അങ്ങനെ പേടിക്കുന്നത്…? “, ഞാൻ ചോദിച്ചു.
” എനിക്ക് വയ്യാത്തതാണ് ശോശന്ന…. തീരെ വയ്യാത്തതാണ്…! ”
” എന്ത് വയ്യായ്ക….?! ”
എന്റെ കയ്യിലിരുന്ന ബുക്ക് നോക്കി അയാൾ പറഞ്ഞു,
” അതേതാ ബുക്ക് എന്ന് നോക്കിയേ”
ഞാന്‍ നോക്കിയപ്പോള്‍ അത് ഇന്നസെന്റിന്റെ ‘ക്യാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകമായിരുന്നു. അയാൾ തുടർന്നു,
” ഞാൻ ഇന്നസെന്റിനെ കണ്ടിട്ടുണ്ട്. തിരുവനന്തപുരത്തെ RCC-യിൽ വച്ച്. ശോശന്ന കേട്ടിട്ടുണ്ടോ റീജണല്‍ ക്യാൻസർ സെന്ററിനെപ്പറ്റി?”