അവളെ ഞാൻ താഴേക്ക് ചെന്ന് കൂട്ടിക്കൊണ്ടുവന്നു. അവൾ നെസ്റ്റിലേക്ക് വന്നപ്പോഴാണ് അയാൾ ഒന്ന് വായനകൾക്ക് വിരാമമിട്ടത്. അയാൾ അവളോട് വിശേഷങ്ങള്‍ ചോദിച്ചു. തമാശകൾ പറഞ്ഞു. അവളുടെ കൂടെ പടം വരച്ചും ചിത്രങ്ങൾക്ക് നിറം കൊടുത്തുമിരിക്കുന്ന അയാളെ കണ്ടപ്പോൾ, ആ കറുത്ത കണ്ണുകളിൽ തിളങ്ങുന്ന വാത്സല്യം കണ്ടപ്പോൾ എനിക്ക് എന്തോ സന്തോഷം തോന്നി.
എന്തേ ഒരു ആശ്വാസം പോലെ. അത്താഴം തയ്യാറാക്കിവച്ചിട്ടാണ് ഞങ്ങൾ നെസ്റ്റിൽ നിന്നും ഇറങ്ങിയത്. ഗേറ്റ് കടന്ന് പോകുന്ന ഞങ്ങൾക്ക് അയാൾ വരാന്തയിൽ നിന്ന് കൈവീശി കാണിച്ചു. സ്വപ്നയും തിരിച്ച് കൈവീശി റ്റാറ്റാ പറഞ്ഞു.
അവൾക്കും അയാളെ നന്നായി ബോധിച്ചിട്ടുണ്ട്. എനിക്കും അതെ. പിന്നെ ഇടക്കിടെയുള്ള ഈ പേര് വിളിക്കാനുള്ള ഉപദേശമാണ് പിടിക്കാത്തത്! എന്നാലും….
എനിക്കിഷ്ടമായി….!
വൈകാശിയിൽ പെട്ടെന്ന് രാത്രിയാകും. ഇരുട്ടുമൂടിയ വഴികളിൽ ഇടക്കിടെ വഴിവിളക്കുകൾ തെളിഞ്ഞുകത്തും. അങ്ങനെ ഒരു വെട്ടത്തിലേക്ക് നോക്കി ഞാന്‍ ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി. വർക്കിച്ചായൻ വന്നിട്ടില്ല. മൊബൈലില്‍ വിളിച്ചിട്ട് എടുക്കുന്നുമില്ല. സ്വപ്നമോൾ ഉറങ്ങിക്കഴിഞ്ഞിരുന്നു.
ഇതിപ്പോൾ കുറെ തവണയായി ഇങ്ങനെ വൈകി വരുന്നത്. എനിക്ക് അതെന്തോ അത്ര പന്തിയായി തോന്നിയിട്ടില്ല. ചോദിക്കാൻ പറ്റില്ലല്ലോ. ആണുങ്ങളാകുമ്പൊ അങ്ങനെ വൈകി വന്നെന്നിരിക്കും എന്ന് തിട്ടൂരമിടുകയല്ലേയുള്ളൂ. അർദ്ധരാത്രി ആയപ്പോൾ അയാൾ വന്നു. ബൈക്കില്‍ നിന്ന് ഇറങ്ങി വന്നപ്പോൾ ഒരു ചെറിയ ആട്ടമുണ്ട്. ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി.