“അയ്യോ സർ…. അത്ര ദൂരമൊന്നുമില്ല…. ഇന്നൊരല്പം വൈകിപ്പോയി… സോറി സർ…!”, ഞാൻ വ്യഗ്രതപ്പെട്ട് പറഞ്ഞൊപ്പിച്ചു. അത് കേട്ടപ്പോൾ അയാൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു,
“ഞാൻ അങ്ങനെ ചോദിച്ചതല്ല. ചുമ്മാ കുശലാന്വേഷണം നടത്തിയതാണ്. അങ്ങനെ വൈകിയിട്ടൊന്നുമില്ല. കാലത്തെ ഭക്ഷണം ഞാൻ താഴെ ഒരു കടയിൽ നിന്ന് കഴിച്ചു. പുട്ട് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും കടലക്കറി സൂപ്പർ ആയിരുന്നു”.
അയാൾ വീണ്ടും പുഞ്ചിരിച്ചു.
“അകത്തേക്ക് കയറിക്കോളൂ. കാര്യമായ കാര്യങ്ങളൊന്നൂല്ല. ഉച്ചയ്ക്കുള്ള ഫുഡ് ഉണ്ടാക്കണം. ഇടയ്ക്ക് ഇവിടമെല്ലാം ഒന്ന് അടിച്ചുതുടച്ച് വൃത്തിയാക്കണം…. അങ്ങനെയൊക്കെ ബേസിക് ജോലികളേ ചെയ്യാനുള്ളൂ. അപ്പൊ കയറിക്കോളൂ ”
” ശരി സർ”.
ഞാൻ അകത്തേക്ക് കയറുമ്പോൾ അയാൾ എന്നോട് പറഞ്ഞു,
” ശോശന്ന….. എന്റെ പേര് വിഷ്ണു എന്നാണ്…. വിഷ്ണുദാസ്… എന്നെ അങ്ങനെ വിളിച്ചാൽ മതി…. അതാണ് എനിക്കിഷ്ടം…. ”
അതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ എങ്ങനെ അയാളെ പേരെടുത്ത് വിളിക്കും? മനസ്സിൽ തെറി വിളിച്ചാലും പുറത്തേക്ക് സർ എന്നോ മുതലാളി എന്നോ ഒക്കെയല്ലേ വരാൻ പാടുള്ളു. മറ്റൊന്നും എന്റെ വായിൽ വരാറില്ല. മറുപടിയൊന്നും പറയാനില്ലാതെ ഞാൻ ഒരു അളിഞ്ഞ ചിരി ചിരിച്ച് അകത്തേക്ക് കയറിപ്പോന്നു. അയാൾക്ക് നല്ല വട്ട് തന്നെ.
അല്ലെങ്കിൽ വേലക്കാരോട് പേരെടുത്ത് വിളിക്കാൻ പറയുമോ…. അകത്ത് നോക്കിയപ്പോൾ കുറെ പുസ്തകങ്ങൾ…. കുറെ എന്ന് പറഞ്ഞാൽ കുറെ കുറെ പുസ്തകങ്ങൾ! നടുമുറിയിലെ ടീപ്പോയിൽ കുറെയെണ്ണം. തറയിൽ പരന്നു കിടക്കുന്ന കുറെയെണ്ണം. സോഫയിൽ കുറച്ചെണ്ണം. വായനയുടെ അസുഖമുള്ള ആളാണ്.