നയന മനോഹരമായ കാഴ്ചകളിൽ കണ്ണും നട്ടിരുന്ന ഹിരണിനെ ഉണർത്തിയത് പിന്നിൽ നിന്നുള്ള ചോദ്യമായിരുന്നു….
ആരാ….
ചോദ്യം വന്ന വഴിയിലെയ്ക്ക് അവൻ തിരിഞ്ഞു നോക്കി…
പള്ളിയുടെ വലതു വശം ചേർന്നുള്ള ചെറിയ മേടയിൽ നിന്നും വയോധികൻ ആയ പള്ളി വികാരി നടന്നടുത്തു വരുന്നു….
അല്പം ഇരുണ്ട ശരീര പ്രകൃതം.. പ്രായത്തിന്റെതായ അവശതകൾ കാണാനുണ്ട്..ഷേവ് ചെയ്തു ഒരാഴ്ച എങ്കിലും ആയി കാണും കുറ്റി രോമങ്ങൾ നിറഞ്ഞ താടിയും മീശയും.. നരവീണു വെളുത്ത മുടികൾക്കിടയിൽ പേരിനു മാത്രം കറുത്ത മുടികൾ… താടി രോമവും മീശയും അത് പോലെ തന്നെ.. പഴകിയ ളോഹയ്ക്ക് പുറത്ത് കിടക്കുന്ന കറുത്ത ചരടിൽ കോർത്ത കുരിശു മാല……
ആരാ മനസിലായില്ല…..
വീണ്ടും ചോദ്യം ആവർത്തിച്ചു കൊണ്ട് അയാൾ നടന്നടുത്തു…..
ഹിരണിനു ഏകദേശം അടുത്തെത്തിയതും അയാളുടെ ചുളിവ് വീണ നെറ്റിത്തടവും കൺപോളകളും വികസിച്ചു…..
എവിടെയോ കണ്ടു മറന്ന പോലെ….
ഞാൻ… അത്…..
പെട്ടന്നുള്ള ചോദ്യത്തിൽ വാക്കുകൾക്ക് വേണ്ടി അവൻ പരതി..
നല്ല മുഖ പരിചയം തോന്നുന്നു.. എപ്പോളോ തമ്മിൽ കണ്ട പോലെ..മോൻ എവിടുന്നാ..പുറമേക്കാർ അങ്ങനെ വരവ് പതിവില്ല അത് കൊണ്ട് ചോദിച്ചതാ…..
അതിനും അവനു ഉത്തരം നൽകാൻ കഴിഞ്ഞില്ല… അനീറ്റയെതേടി അവന്റെ കണ്ണുകൾ അലഞ്ഞു.. പക്ഷെ പ്രകൃതി ഭംഗി ആസ്വദിച സമയം അവൾ എങ്ങോട്ടാണ് പോയത് എന്ന് അവൻ കണ്ടിരുന്നില്ല.. ആ സമയത്തെ അവൻ സ്വയം ശപിച്ചു…