അച്ഛനോട് ചേർന്നു ആ കൽ തിട്ടയിൽ ഹിരൺ ഇരിക്കുമ്പോൾ അച്ഛൻ അവനോടു ചോദിച്ചതും അവന്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്ന ചിന്തയും ഒന്ന് തന്നെ ആയിരുന്നു….
അന്ന മോളെ കുറിച്ച് അറിഞ്ഞത് ഒന്നും ഇങ്ങനെ ആയിരുന്നില്ല അല്ലെ….
അല്ല എന്ന് അർത്ഥത്തിൽ തല കുനിയ്ക്കാൻ മാത്രേ അവനു കഴിഞ്ഞുള്ളു…
ഇരുവർക്കുമിടയിൽ രൂപം കൊണ്ട മൗനത്തെ കീറി മുറിച്ചു കൊണ്ട് ഹിരൺ അച്ഛനോടായ് ചോദിച്ചു…
എന്താ അച്ചോ അമ്മുവിന്റെ ജീവിതത്തിൽ സംഭവിച്ചത്…..എന്തിനാ അവൾ എല്ലാവരോടും ഇതെല്ലാം മറച്ചു വച്ചതു….
മനുഷ്യ ജീവന് പണത്തിനും സ്വത്തിനും മുന്നിൽ വില ഇല്ലാതെ പോയതാണ് കുഞ്ഞേ അവളുടെ ഈ കാണുന്ന ജീവിതം… എന്തിനു ഏറെ രക്ത ബന്ധം പോലും മറന്നു ചില ചെകുത്താൻമാർ ….പണത്തിനോടുള്ള ആർത്തി…..
ഒന്നും മനസിലാകാതെ ഇരുന്ന ഹിരണിനു മുന്നിൽ അച്ഛൻ അനീറ്റയുടെ കഴിഞ്ഞ കാലത്തിന്റെ നേർ പുസ്തകം തുറന്നു വച്ചു…
…………………………………………………………………….
ബ്രിട്ടീഷുകാർ വയനാടിനെ അടക്കി വാണിരുന്ന കാലത്താണ് ഈ പള്ളിയും ബംഗ്ലാവും എല്ലാം ഉണ്ടാകുന്നതു..
അവർക്കു വേണ്ടുന്ന ഏലവും കുരുമുളകും തേയിലയും കാപ്പിയും ഒക്കെ കിട്ടാൻ വേണ്ടി ഈ കാണുന്ന തോട്ടങ്ങളും അവർ തന്നെ ഉണ്ടാക്കിയെടുത്തു..
അടിമകൾ ആയും അവരുടെ പണിക്കാരായും പരിചാരകർ ആയും എല്ലാം ഈ നാട്ടിലെ പാവം ജനങ്ങളും..
സ്വാതന്ത്ര്യം കിട്ടിയിട്ട് പോലും ഈ നാട്ടിലെ ആളുകൾ ബംഗ്ലാവിലെ പ്രഭുവിന്റെ അടിമകൾ ആയിരുന്നു..