“വാ… ഇവിടെരിക്കാം ”
” ആ പലക… ”
“അതൊരു സൈഡിലല്ലേ”?
ഞാൻ കാർത്തികയെ കൈ പിടിച്ച് കയറ്റി ഇരുത്തി. തണുത്ത ഐസ്ക്രീമിൻ്റെ സ്നിഗ്ദ്ധത ഊഷ്മളമായ ചില ഓർമ്മകളെ തഴുകി ഉണർത്തി. സംസ്കൃതം കലോത്സവം. എല്ലാ വർഷവും ആവർത്തിക്കുന്ന നാല് ദിനങ്ങൾ…. തലേ ദിവസത്തെ ഒരുക്കം…. ഏഴു മണിക്കു മുൻപേ സ്കൂളിലെത്താൻ അച്ഛച്ഛനോടൊപ്പം അതിരാവിലെയുള്ള യാത്ര…. കനത്ത മഞ്ഞിൻ്റെ മൂടുപടം അണിഞ്ഞ് നിൽക്കുന്ന പ്രകൃതി…. വഴിയിലെ ആനക്കൂട്ടം…. ഓർമ്മകൾക്ക് ജീവൻ വെക്കുന്നു. ഇന്നിവിടെ കാർത്തികയോടൊപ്പം ഇരിക്കുമ്പോൾ ഒരേയൊരു തവണ കൂടി ആ പഴയ കുട്ടി ആവാൻ മോഹം തോന്നി. ഒന്നിനും വേണ്ടിയല്ല. വെറുതെ. ഞാൻ വീണ്ടും വീണ്ടും ജീവിക്കാൻ കൊതിക്കുന്ന ദിനങ്ങളുടെ സ്മരണികകൾ ആനകളായി മുളങ്കാടുകളിൽ വിഹരിച്ചു നടന്നു. കണ്ണാടി കൊട്ടാരവും പാരിജാതം പൂക്കുന്ന ആരാമങ്ങളുമുള്ള ആ പരിശുദ്ധമായ ഭൂമികയിലൂടെയുള്ള തീർത്ഥാടനം ഒരേ സമയം മനസ്സിന് വിങ്ങലും സാന്ത്വനവുമായി മാറി.
രണ്ട് ട്രാവലറുകളിലായി കലോത്സവം നടക്കുന്ന സ്കൂളിലേക്കുള്ള യാത്ര ആഘോഷങ്ങളുടെ ആരംഭമായിരുന്നു.
“കണ്ണാ… ടാ… എന്താ ആലോചിക്ക്ണെ”?
ഓർമ്മകളിൽ ജീവിതത്തിലെ ഒരു മഹാദശക്ക് വിരാമമായി. അമ്മ എൻ്റെ ഹൃദയത്തിനുള്ളിൽ സ്വർഗ്ഗത്തോളം വളർന്നു. കാർത്തികയും. ആരാണിവൾ? രേണുവിനെ എനിക്കറിയാം. ജുമൈലത്തിൻ്റെ വിധിയും അറിയാം. ഇവളെ മാത്രം മനസ്സിലാവുന്നില്ല. എല്ലാം എനിക്കറിയാം. എന്നിട്ടും ഒന്നും എനിക്കറിയില്ല. പുരാവൃത്തങ്ങൾ മാറാല കെട്ടിയ ഇരുണ്ട മഷി പരപ്പിൽ തെളിമയോടെ ചന്ദന നിറമുള്ള പട്ടുപാവാടയണിഞ്ഞ് മഞ്ഞ് മൂടിയ നീല ശൈലങ്ങൾക്ക് മുകളിലൂടെ ഒഴുകി നീങ്ങുന്ന മേഘക്കെട്ടിലിരുന്ന് കാർത്തിക അഷ്ടപദി ചൊല്ലി.