അങ്ങനെയിരിക്കെ ഒരു ദിവസം അവളുടെ ഹാൻഡ്ബാഗിൽ നിന്ന് വീണുപോയ ഒരു പെൻഡ്രൈവ് നിനക്ക് ബെഡ് റൂമിൽ നിന്ന് കിട്ടാനിടയാകുന്നു. കറുത്ത പെൻഡ്രൈവിൽ ചുവന്ന നിറത്തിലെ ഒരു കുരിശും, “Copy#167” എന്ന എഴുത്തും.
അവൾ വീട്ടിൽ ഇല്ലാത്തത് കൊണ്ട് മാത്രം നീയത് ലാപ്റ്റോപ്പിൽ കണക്റ്റ് ചെയ്ത് പരിശോധിക്കുന്നു. 64 GB സ്റ്റോറേജിൽ 58 GB യോളം ഫയലുകൾ ആണ്.
ആദ്യത്തെ ഫോൾഡർ നീ തുറക്കുന്നു.
നിൻ്റെ ഭാര്യയുടെ ചിത്രങ്ങളാണ്. നീ എടുത്ത ഫോട്ടോകൾ, ജോലി സ്ഥലത്ത് വച്ചുള്ളത്, പല ആഘോഷങ്ങൾക്കിടയിൽ ഉള്ളത്, സോഷ്യൽ മീഡിയയിലെ, പിന്നെ ചില സാധാരണ സെൽഫികൾ, അവളും നിൻ്റെ മകളും കൂടി നിൽക്കുന്ന ചില ഫോട്ടോസ്… പലതും ചിരിച്ച് കൊണ്ടുള്ളത്. സമൂഹത്തിലെ ഉന്നതയായ, മാന്യയായ ഒരു സ്ത്രീ എന്ന് ഉറപ്പ് തോന്നുന്ന തരം ചിത്രങ്ങൾ.
അടുത്ത ഫോൾഡർ…
ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ DSLR ക്യാമറയിൽ പകർത്തിയതെന്ന് തോന്നിക്കുന്ന വിധത്തിലുള്ള ചിത്രങ്ങൾ.
ഇതിലെ പല ഫോട്ടോസും ഒരു മീറ്റിങ്ങ് എന്ന് തോന്നുന്ന രീതിയിലാണ്. നാട്ടിലെ നിനക്ക് പരിചയവും അടുപ്പവും ഉള്ള പുരോഹിതന്മാർക്കൊപ്പം അവൾ സംസാരിച്ചു കൊണ്ടിരിയ്ക്കുന്നു. നാട്ടിലെ ഒന്നോ രണ്ടോ പ്രമുഖരും ജോലിസ്ഥലത്തുള്ള രണ്ട് ആളുകളും. ഏകദേശം 15 പേരുണ്ടാവാം. ഇതിലും അവൾ സന്തോഷവതിയാണ്…
അവൾ അവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിയ്ക്കുന്നത്..
ജ്യൂസ് കുടിക്കുന്നത്…
വളരെ സന്തോഷത്തിൽ ചിരിക്കുന്നത്…
ഭക്ഷണത്തിന് മുൻപിൽ എഴുന്നേറ്റ് നിന്ന് ഔദ്യോഗികമായ രീതിയിൽ സംസാരിക്കുന്നത്..