” എന്താ ശിവ ഇങ്ങനെ നോക്കുന്നത്..,?? ”
കപ്പ് തിരികെ ടേബിളിലേക്ക് വയ്ക്കുമ്പോൾ നേരെ മുന്നിലിരിക്കുന്ന വ്യക്തിയെ നോക്കി അവൾ പുഞ്ചിരിച്ചു,
” ഒന്നുമില്ല കുറെ ദിവസം കൂടി കാണുന്നതു കൊണ്ടായിരിക്കണം, നിനിക്ക് എന്തോ വല്ലാത്ത മാറ്റം പോലെ..”
” അത് ചുമ്മാ തോന്നുന്നതായിരിക്കും ഞാൻ ഇപ്പോഴും പഴയതുപോലെ തന്നെയാണ്..” അവളുടെ മറുപടി കേട്ടതും ഒരു ചിരിയോടെ ശിവ തന്റെ മുന്നിലിരിക്കുന്ന കോഫി കപ്പ് കയ്യിലേക്ക് എടുത്തു,
” കാണാൻ സമ്മതിക്കും എന്ന് ഞാൻ തീരെ കരുതിയില്ല…”
അതിനു മറുപടിയായി സ്റ്റെല്ല ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്,
“സ്റ്റെല്ല, എന്നോട് ഇപ്പോഴും ദേഷ്യം ഉണ്ടോ..?? ”
” ആം മാറി വരുന്നു…”
“സോറി പെണ്ണെ ഇതൊന്നും ഞാൻ ആഗ്രഹിച്ചു ചെയ്ത കാര്യങ്ങൾ അല്ല, പറ്റിപ്പോയി എന്നെങ്കിലും ഒരിക്കൽ നിന്നോട് എല്ലാം തുറന്നു പറയണം എന്ന് ഞാൻ ഒരുപാട് കരുതിയതാണ്, അതിനായി ഞാനൊരു സമയവും സാഹചര്യവും വരെ കണ്ടു വച്ചിരുന്നു, പക്ഷേ അവിടം വരെ എത്തിയില്ല..” ഒരു നെടുവീർപ്പ് ഇട്ടു കൊണ്ട് കോഫി കപ്പിൽ നിന്നും ഒരു സിപ്പ് എടുത്ത ശേഷം അവൻ കപ്പ് തിരികെ ടേബിളിലേക്ക് വെച്ചു.
“ശിവ , നീ പറഞ്ഞതു പോലെ ഞാനും കുറച്ച് കള്ളങ്ങൾ ഒക്കേ പറഞ്ഞിട്ടുണ്ട്, നീ ജഡ്ജ് ചെയ്യില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ, അല്ല ഇനി നീ ചെയ്താലും നിന്നോട് മറച്ചു വക്കുന്നതിൽ കാര്യമില്ല..”
ചെറിയ ടെൻഷനും ചമ്മലും കലർന്ന മിശ്ര ഭാവത്തോടെ സ്റ്റെല്ല അവളുടെ കൈ വിരലുകൾ ഞൊടിച്ചു കൊണ്ടിരുന്നു,