‘നീ ആരെങ്കിലും അടുക്കളയിൽ ഉണ്ടോ എന്ന് നോക്ക്..’
വീടിന്റെ ഗന്ധരാജൻ വേലിക്കൽ മറഞ്ഞു നിന്ന് ശിവ ചേച്ചി എന്നോട് പറഞ്ഞു. ദേഹം മുഴുവൻ നനഞ്ഞത് അമ്മ കണ്ടാൽ ചോദിക്കുമല്ലോ. അത് ചോദിക്കാതെ ഇരിക്കാൻ എന്നെ ആദ്യം അടുക്കളയിലേക്ക് പറഞ്ഞു വിടുകയാണ്
ഞാൻ പതിയെ ചാരിയിട്ട അടുക്കള വാതിൽ തുറന്നു അകത്തു കയറി. അടുക്കളയിൽ ആരുമില്ല. ഹോളിൽ ടിവി വച്ചിട്ട് ഉണ്ട്. എല്ലാവരും അവിടെ ആയിരിക്കും.. ഞാൻ പെട്ടന്ന് പുറത്തിറങ്ങി ചേച്ചിയോട് കാര്യം പറഞ്ഞു. എന്നിട്ട് ഞാൻ മുൻവശം വഴി പാലയ്ക്കൽ വീടിന്റെ അകത്തു കയറി.
‘അവൾ എന്തിയേടാ..?
ഞാൻ ടിവി കാണാൻ നിലത്ത് ഇരിക്കുന്ന കണ്ടു അനിലാമ്മായി ചോദിച്ചു
‘ദേ…’
ഞാൻ പറഞ്ഞു
അപ്പോളേക്ക് അടുക്കള വഴി അകത്തു കയറിയ ശിവേച്ചി പെട്ടന്ന് സ്വന്തം മുറിയിലേക്ക് കയറി പോയി. ചേച്ചി പെട്ടന്ന് തന്നെ പോയി കുളിമുറിയിൽ കയറി. അത് കൊണ്ട് നനഞ്ഞത് ആരും ശ്രദ്ധിച്ചില്ല. അതിനെ തുടർന്ന് ഉള്ള ചോദ്യങ്ങളും ഒഴിവായി..
ഈ സംഭവം നടന്നു കഴിഞ്ഞു നയന ചേച്ചിക്ക് എന്ത് പറ്റിയെന്നു അറിയാൻ ഞങ്ങൾ രണ്ട് പേരും കാത്തിരുന്നു. നയന ചേച്ചി പിറ്റേന്ന് ബസിൽ ഉണ്ടായിരുന്നില്ല. കോളേജിലും വന്നില്ല. കുറച്ചു ദിവസത്തേക്ക് നയന ചേച്ചി പിന്നെ കോളേജിൽ പോയില്ല. അതിനകം ചേച്ചി കുളത്തിൽ എന്തോ കണ്ടു പേടിച്ചെന്ന കഥ എല്ലായിടത്തും പരന്നിരുന്നു.. കഥകൾ കുറേ ഉണ്ടായിരുന്നു. ഓരോന്നും കേട്ട് ഞങ്ങൾ അത് പങ്ക് വച്ചു ചിരിച്ചു മറിഞ്ഞു. ഏറ്റവും കേട്ടത് അമ്പലക്കുളത്തിൽ വച്ചു ചുടലഭദ്രകാളി നയന ചേച്ചിയുടെ മുന്നിൽ പ്രത്യക്ഷ ആയി എന്നതായിരുന്നു.. ആ കഥ പറഞ്ഞു ഞാനും ശിവയും തലതല്ലി ചിരിച്ചു. പിന്നീട് പലപ്പോഴും ഞാൻ ചേച്ചിയെ സ്വകാര്യമായി കളിയാക്കി വിളിക്കുന്ന പേരുകളിൽ ഒന്നായും അത് മാറി..