“”…അവളെന്തോ കാട്ടീന്നോ..?? അവളു മനഃപൂർവ്വം എന്നെ ദ്രോഹിയ്ക്കാനായ്ട്ട് ഓരോന്നുകാട്ടുവാ… എന്നെക്കാളും ഭംഗിയോടെ ഒരുങ്ങിയിറങ്ങാൻ ഇന്നെന്താ അവൾടെ കല്യാണവാണോ..?? എന്നിട്ടവൾടെയൊരു കൊഞ്ചിക്കുഴഞ്ഞുള്ള വർത്താനോം ഒലിപ്പീരും… എനിയ്ക്കൊന്നുമങ്ങട് സുഖിയ്ക്കുന്നില്ല… അതുകൊണ്ടു മര്യാദയ്ക്കു നീയവളെപ്പറഞ്ഞു വിലക്കിയ്ക്കോ… അറിയാലോ, പിടിവിട്ടാൽ ഞാനെന്താ കാട്ടുന്നേന്ന് എനിയ്ക്കുപോലും അറിയൂല..!!”””_ ഭദ്രകാളി തുള്ളിക്കൊണ്ട് അവളുനിന്നു വിറച്ചു… എന്നാലൊരു ചെവികൊണ്ട് ഞാനതു കേൾക്കുന്നുണ്ടായെങ്കിലും കാശുതരാതെ കേറിപ്പോണവരിലായ്രുന്നു എന്റെ രണ്ടുകണ്ണുകളും…
“”…എടാ… ഞാമ്പറഞ്ഞതു നീ കേട്ടോ..??”””_ കീത്തുവൊരിയ്ക്കൽക്കൂടി ചീറിയതും,
“”…അതുപിന്നെ ഒരുങ്ങുന്നതും ആളുകളെ സ്വീകരിയ്ക്കുന്നതുമൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ..?? അതിനിപ്പോ ഞാനെന്തു പറയാനാണ്..?? ഇനിയവള് ആളെ സ്വീകരിയ്ക്കുന്നത് നിനക്കു പിടിയ്ക്കുന്നില്ലേൽ അവളെപിടിച്ചോണ്ടുവന്നാ കസേരയിലിരുത്തീട്ട് ചേച്ചിപോയി സ്വീകരിയ്ക്കാൻ നിൽക്ക്… പ്രശ്നംതീർന്നില്ലേ..??”””_ ഇതിനിടയിൽ ഞാൻ ചിരിച്ചുകൊണ്ട് സ്വീകരിച്ചിട്ടും കാശൊന്നുംതരാതെ കേറിപ്പോയ ഒരു ഫാമിലിയെനോക്കി പല്ലിറുമ്മിക്കൊണ്ട് ഞാൻചോദിച്ചു…
“”…നീയിങ്ങനേപറയൂന്ന് എനിയ്ക്കറിയാടാ… അല്ലേലും ഇതൊക്കെ നീയുമവളും കൂടിയുള്ള പ്ലാനിങ്ങാന്ന് എനിയ്ക്കറിയാം..!!”””_ എന്നുംപറഞ്ഞ് എന്നെയവൾ കണ്ണുരുട്ടി പേടിപ്പിയ്ക്കുമ്പോൾ വീണ്ടുമൊരു ചേച്ചി കവറുമായിവന്നു… കീത്തുനിന്നതുകൊണ്ട് മനസ്സിൽ പ്രാകിക്കൊണ്ടാണ് ഞാനതു വേണ്ടാന്നുപറഞ്ഞത്…