സൗമ്യയോട് വിഹാഭ്യാർത്ഥന നടത്തുന്ന മറ്റൊരാൾ ആ നാട്ടിലുണ്ട്..
ഒരു എക്സ്മിലിറ്ററിക്കാരൻ ഗംഗാധരൻ നായർ..
വിഭാര്യനായ അയാൾക്ക് അൻപത്തെട്ട് വയസുണ്ട്..
സൗമ്യയുടെ അച്ചനെ പോയി കണ്ട് വരെ നായർ സൗമ്യയെ കല്യാണമാലോചിച്ചിട്ടുണ്ട്.. സൗമ്യയുടെ തീരുമാനമെന്താണോ,അതേ താൻ ചെയ്യൂന്നാണ് അച്ചനയാളോട് പറഞ്ഞത്..
പട്ടാളക്കഥകളുമായി എപ്പോഴും പീടികത്തിണ്ണയിലിരിക്കുന്ന അയാളെ കാണുന്നത് തന്നെ സൗമ്യക്ക് കലിയാണ്..
പലവട്ടം അയാളെ മുഖമടച്ചാട്ടിയതാണ് സൗമ്യ..
എന്നാലും ഒരുളുപ്പുമില്ലാതെ അയാൾ പിന്നെയും അവളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു..
ഒരു ഇടനിലക്കാരനെ നിർത്തി ഗോപി മാഷിനോട് സംസാരിക്കാൻ സൗമ്യ ടീച്ചർക്ക് താൽപര്യമില്ലായിരുന്നു.. തന്റെ മനസിലുള്ളത് നേരിട്ട് പറയാനാണ് അവളാഗ്രഹിച്ചത്.
പലവട്ടം അവളതിന് ഒരുങ്ങിയതാണ്..
പക്ഷേ, മാഷിന്റെ മുഖത്തെ ഗൗരവം അവളെ പേടിപ്പിച്ചു..
എങ്കിലും പല സൂചനകളും അവൾ കൊടുത്തു.
ചിലതെല്ലാം മാഷിന് മനസിലായെങ്കിലും നേർത്തൊരു പുഞ്ചിരിയോടെ അയാൾ ഒഴിഞ്ഞ് മാറി..
മറ്റൊരു വിവാഹത്തിനെ കുറിച്ച് മാഷ് ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു..
ഒന്ന് കൊണ്ട് തന്നെ കൈ പൊളളിയ മാഷിന് ഇനിയൊരു വിവാഹം താൽപര്യമില്ല..
ഈ ഒറ്റയാൾ ജീവിതത്തിൽ വല്ലാത്തൊരു മനസുഖം അയാൾ അനുഭവിച്ചു..
ഇനിയൊരു കൂട്ട് വേണ്ടെന്ന് തന്നെ ഉറപ്പിച്ച അയാൾക്ക് ഇടക്കിടെ വിളിക്കുന്ന അമ്മയുടെ നിർബന്ധമാണ് സഹിക്കാനാവാഞ്ഞത്..
വിളിക്കുമ്പോഴൊക്കെ അമ്മക്ക് പറയാനുള്ളത് കല്യാണക്കാര്യമാണ്..