“എടാ പെൺകുട്ടികൾ എല്ലാവരും അങ്ങനെയാണ് മനസ്സിൽ എത്ര സ്നേഹം ഉണ്ടെങ്കിലും അത് കാണിക്കില്ല. പിറകെ ഇങ്ങനെ നടത്തിക്കും ”
മനസ്സിൽ എന്തെങ്കിലും നെഗറ്റീവ് ചിന്ത വരുമ്പോഴേക്കും അരുൺ കോൺഫിഡൻസിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെക്കും.
“അങ്ങനെ ആയിരിക്കുമല്ലേ”
“പിന്നല്ലാതെ നമുക്കറിയാവുന്നതല്ലേ പെണ്ണുങ്ങളെയൊക്കെ ”
ഏഴാംക്ലാസിൽ പഠിക്കുമ്പോൾ രണ്ട് ലൈൻ ഉണ്ടായവനാണ് അരുൺ അതുകൊണ്ടുതന്നെ അവന്റെ വാക്കുകൾ എനിക്ക് ദൈവവചനം ആയിരുന്നു.
അതുകൊണ്ടുതന്നെ അവളുടെ നോട്ടങ്ങളെയൊക്കെ മൈൻഡ് ചെയ്യാതെ അവളുടെ പിറകെ തന്നെ വച്ചുപിടിച്ചു.
എന്നാൽ സകല ധൈര്യവും സമ്പാദിച്ച് ജില്ലാ തല സ്കൂൾ കലോത്സവത്തിന് പ്രൊപ്പോസ് ചെയ്തപ്പോൾ കൊടുത്ത ഗ്രീറ്റിംഗ് കാർഡും റോസാപ്പൂവും ഡയറി മിൽക്കും കാറ്റിൽ പറന്നതോടുകൂടി അവളുടെ നോട്ടത്തിന്റെ യഥാർത്ഥ അർത്ഥം മനസ്സിലായി.
കുറച്ചുകൂടി കഴിഞ്ഞിട്ട് പ്രൊപ്പോസ് ചെയ്യാം എന്നായിരുന്നു എന്റെ പ്ലാൻ. അതിനൊരു കാരണം ഇതുവരെ ഒരു പോസിറ്റീവ് റെസ്പോൺസ് കിട്ടിയിരുന്നില്ല എന്നതായിരുന്നു.
എന്നാൽ
” എടാ നീ ആലോചിച്ചു നോക്കിയേ സ്കൂൾ കലോൽസവം അഞ്ചു ദിവസം ഉണ്ട്, ആദ്യത്തെ ദിവസം നീ പ്രൊപ്പോസ് ചെയ്തു എന്ന് വിചാരിച്ചോ അവൾ ഒക്കെ പറഞ്ഞു. പിന്നെയുള്ള ഈ അഞ്ചുദിവസം നിങ്ങളുടേതാണ് നിങ്ങളോട് ആരും ഒന്നും ചോദിക്കാനും പോകുന്നില്ല നിങ്ങൾക്ക് ഇവിടെ വേണമെങ്കിലും ഒന്നിച്ചു കറങ്ങി നടക്കാം. നിങ്ങളുടെ മധുര മനോഹരമായ അഞ്ചു ദിനങ്ങൾ” അവൻ കോൺഫിഡൻസ് കുത്തിവച്ചതോടുകൂടി ഞാൻ സട കുടഞ്ഞ എഴുന്നേറ്റു.