കൂടെ നിന്നവർ കാര്യം തിരക്കി, ഒന്നുമില്ല ഒന്ന് ബാത്റൂമിൽ പോണം ഞാനിപ്പോൾ വരാം എന്ന് പറഞ്ഞ് ഞാൻ അവരുടെ അടുത്ത് നിന്ന് മാറി. അവൻ ഇവിടെ പെരുന്നാൾ കൂടാൻ അല്ല വന്നിരിക്കുന്നത് എന്നെനിക്ക് നന്നായി അറിയാമായിരുന്നു. അവരുടെ അടുത്തുനിന്ന് മാറിയ ഉടനെ ഞാൻ ഫോൺ അവന് മെസ്സേജ് വിട്ടു.
“ പള്ളിയുടെ പിന്നിൽ സിമിത്തേരിയോട് ചേർന്ന് ഒരു വഴിയുണ്ട്, ആ മണ്ണിട്ട വഴിയിലൂടെ കുറച്ചു നടന്നു കഴിയുമ്പോൾ ഒരു ടാറിട്ട റോഡ് കാണും. ആ റോഡിലൂടെ ഇടതുവശത്തേക്ക് തിരിഞ്ഞ് നടക്കുക.. ഞാൻ വരാം “
മെസ്സേജ് അവൻ കണ്ടതിനുശേഷം ഞാൻ ഡിലീറ്റ് ചെയ്തു. പെരുന്നാൾ ആയതുകൊണ്ട് ഇച്ചായൻ വേറെ വണ്ടിയിൽ ആയിരുന്നു പള്ളിയിൽ വന്നത്. ഞാനും മോളും എന്റെ കാറിലും. ആ സമയം ആയപ്പോൾ പള്ളിയിൽ നിന്ന് പ്രദിക്ഷണം തുടങ്ങി. അധികം ആരുടെയും ശ്രദ്ധയിൽ പെടാതെ ഞാൻ വേഗം എന്റെ കാർ എടുത്തു. പ്രദിക്ഷണം തുടങ്ങിയതുകൊണ്ട് എല്ലാവരും അതിന്റെ ഒപ്പം പോയി, കുറച്ചുപേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
കാർ എടുത്ത് ഞാൻ പള്ളിമുറ്റത്ത് നിന്നും ഇറങ്ങി, മനുവിന് പറഞ്ഞുകൊടുത്തത് എന്റെ വീട്ടിലേക്കുള്ള വഴി തന്നെ ആയിരുന്നു. ആ വഴി കാറോടിച്ച് പോയപ്പോൾ ഞാൻ പറഞ്ഞതുപോലെ തന്നെ മനു അതുവഴി നടക്കുന്നുണ്ടായിരുന്നു. മെസ്സേജ് കണ്ടപ്പോൾ അവൻ ഒന്നും തിരിച്ച് പറയാതെ അനുസരണയുള്ള നല്ല കുട്ടിയെ പോലെ ആയിരുന്നു, അതോർത്തപ്പോൾ എനിക്ക് ഉള്ളിൽ കുറച്ച് ചിരി വന്നു. കാറ് ഞാൻ അവന്റെ അടുത്ത് നിർത്തി. ഗ്ലാസ് താഴ്ത്തിക്കൊണ്ട് പറഞ്ഞു..