മനസ് നിറഞ്ഞാൽ തന്നെ മനുഷ്യന് മാറ്റംവരും..
പാവം തന്റെയമ്മ..
ഇനിയുള്ള കാലം അമ്മയെ പൊന്ന്പോലെ നോക്കി അമ്മയുടെ കൂടെ ജീവിക്കണം..
ഇനി മുതൽ തന്റെ കിടത്തം പോലും അമ്മയുടെ കൂടെയാണ്..
അമ്മയേയും കെട്ടിപ്പിടിച്ച് ഇനിയെന്നും തനിക്കുറങ്ങണം…
വീട്ടിലെത്തി ലഗേജൊക്കെ ഇറക്കി വെച്ച് ഹേമ നേരെ ഡൈനിംഗ് ടേബിളിലേക്കിരുന്നു..
“ കുളിച്ചിട്ട് കഴിച്ചാ പോരേ മോളേ…?”.
ശാരദ സ്നേഹത്തോടെ ഹേമയോട് ചോദിച്ചു..
“പോരമ്മേ… കുളിയൊക്കെ പിന്നെ…
ഇന്നലെ എന്തേലും കഴിച്ചതാ…
അമ്മയാദ്യം ഫുഡ് വിളമ്പ്…. വിശന്നിട്ട് വയ്യ…”
മകളുടെ ആക്രാന്തം കണ്ട് ശാരദ ചിരിയോടെ അടുക്കളയിലേക്ക് പോയി..
എല്ലാം ഉണ്ടാക്കി വെച്ചിട്ടാണ് പോയത്..
നല്ല നെയ്ചോറും ചിക്കൻ കറിയും ശാരദ മോൾക്ക് വിളമ്പി..
ഹേമക്കിഷ്ടപ്പെട്ട വിഭവമാണത്
“ അമ്മ ഇരിക്കുന്നില്ലേ… അഭിക്കുട്ടാ നീയും ഇരിക്കെടാ…”
ഹേമ പറഞ്ഞത് കേട്ട് രണ്ടാളും ഇരുന്നു..
ഖത്തറിലെ വിശേഷങ്ങൾ പറഞ്ഞും, നാട്ടിലെ കാര്യങ്ങൾ ചോദിച്ചറിഞ്ഞും ഹേമ സാവധാനം ഭക്ഷണം കഴിച്ചു..
ഭാവി കാര്യങ്ങളും അവൾ പറയുന്നുണ്ടായിരുന്നു..
നാളെത്തന്നെ തനിക്കെഴുതിയക്കിട്ടിയ വീട്ടിൽ പോയി എല്ലാം വൃത്തിയാക്കി ഒരു വാടകക്കാരനെ നോക്കണം..
ഈ പഴയ കാറ് മാറ്റി പുതിയൊരണ്ണം വാങ്ങണം..
ഈ വീട് പെയ്ന്റടിച്ച് വൃത്തിയാക്കണം..
അഭിയുടെ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം..
തുടങ്ങി അനേകം പദ്ധതികൾ ഹേമയുടെ മനസിലുണ്ട്..
അതെല്ലാം അവൾ ശാരദയോടും, അഭിയോടും പറയുകയും അവരുടെ അഭിപ്രായം തേടുകയും ചെയ്തു..