“എന്ത് ഉറക്കമണിത് എന്റെ ട്രീസേ, സമയം എത്രയായെന്ന് അറിയോ?” ഇച്ചായന്‍ ചോദിച്ചു.
“നാലോ നാലരയോ ആയിട്ടുണ്ടാവും.”
“നാലരയോ!” ചിരിച്ചുകൊണ്ട് ഇച്ചായന്‍ കെട്ടിയിരുന്ന വാച്ച് എന്റെ മുഖത്തിന് നേര്‍ക്ക് പിടിച്ചു.
“ദൈവമേ… രാത്രി 8:30 ആയോ?!” ഞാൻ ശെരിക്കും ഞെട്ടി പോയി. “രാത്രിക്ക് എന്തെങ്കിലും ഞാൻ ചെന്ന് വേഗം ഉണ്ടാക്കാം.” ധൃതിപിടിച്ച് ഞാൻ പറഞ്ഞിട്ട് ആദ്യം ഫ്രെഷാവാനായി വേഗം ചെന്ന് ബാത്റൂം തുറന്നു.
“ഫുഡൊക്കെ ഞാൻ എപ്പോഴേ ഉണ്ടാക്കി വച്ചു കഴിഞ്ഞു.” ഇച്ചായന്‍ വലിയ ഗമയിൽ പറഞ്ഞതും ഞാൻ നിന്നു.
എന്നിട്ട് തിരിഞ്ഞു നിന്ന് എളിയിൽ കൈയും കൊടുത്ത് ഇച്ചായനെ നോക്കി.
“ഇച്ചായന്‍ ഉണ്ടാക്കിയ ആഹാരം കഴിച്ചാൽ എന്തും കഴിക്കുന്ന ഹയിന പോലും ചത്തുപോകും.”
മുഖത്ത് ഭയം വരുത്തി ഞാൻ പറഞ്ഞത് കേട്ട് ഇച്ചായന്‍ പൊട്ടിച്ചിരിച്ചു.
“ഓക്കെ, ഓക്കെ.” ഇച്ചായന്‍ പിന്നെയും പൊട്ടിച്ചിരിച്ചു. “ബിബിനാണ് എല്ലാം ഒണ്ടാക്കിയത്, ഞാനും മോളും അവനെ സഹായിച്ചു.
ഞാൻ ഉടനെ ഇച്ചായനെ കൂർപ്പിച്ച് നോക്കി.
“ഒക്കേ, ശെരി.. ഞാൻ സമ്മതിച്ചു. അവനെ സഹായിക്കാൻ പോലും ബിബിൻ എന്നെ സമ്മതിച്ചില്ല. നി പറഞ്ഞ ഹയിന പ്രയോഗത്തെക്കാളും കടുത്ത പ്രയോഗമാണ് അവന്‍ പറഞ്ഞത്.” ഇച്ചായന്‍ ചമ്മലോടെ പറഞ്ഞു.
“എന്താണ് അവന്‍ പറഞ്ഞത്?” കൗതുകപൂർവ്വം ഞാൻ ചോദിച്ചു.
“പാചകം ഉണ്ടാക്കാനുള്ള എന്റെ സഹായം പോലും ദുരന്തം സംഭവിച്ച കെമിസ്ട്രി ലാബിന് തുല്യമാണ് പോലും.”
അതുകേട്ട് ഞാൻ പൊട്ടിച്ചിരിച്ചു പോയി. അപ്പോ ഇച്ചായനും ചമ്മലോടെ ചിരിച്ചു.