കാപ്പി കുടി കഴിഞ്ഞിട്ട് ഞങ്ങൾ തുണി കഴുകിയിട്ടു. വീട് തുടച്ചു. ഉച്ചക്കുള്ള ഫുഡ്ഡും ഒണ്ടാക്കി വച്ചു.
എല്ലാ ജോലിയും കഴിഞ്ഞപ്പോ സമയം 11:30. ഞായറാഴ് ദിവസങ്ങളില്‍ ഉച്ച ഭക്ഷണം ഞങ്ങൾ രണ്ട് മണിക്കാണ് കഴിക്കാറ്. മറ്റൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ബിബിനും മോളും കൂടി എന്തോ ഉണ്ടാക്കാൻ പോകുന്നു എന്ന് പറഞ്ഞു. അതിനായി അവർ കുറെ കാർഡ് ബോർഡ്, ബിബിന്റെ ശേഖരങ്ങളിൽ നിന്ന് ഒരു കുഞ്ഞ് മോട്ടോര്‍, പിന്നേ വേറെയും എന്തൊക്കെയോ സാമഗ്രികള്‍ എടുത്തുകൊണ്ട് ഹാളില്‍ വന്നിരുന്ന് രണ്ടൂംകൂടി എന്തോ ചെയ്യാൻ തുടങ്ങി. കുറച്ചുനേരം ഞാൻ അതൊക്കെ നോക്കിയിരുന്നു. പക്ഷേ അല്‍പ്പം കഴിഞ്ഞ് തിങ്കളാഴ്‌ച രാവിലെ 5:30ന് പിള്ളേർക്ക് ട്യൂഷന്‍ കൊടുക്കാനുള്ള നോട്സ് പ്രിപ്പെയർ ചെയ്യാനായി ഞാൻ എന്റെ റൂമിലേക്ക് വന്നു.
സമയം പമ്പരം പോലെ കറങ്ങി തീര്‍ന്നു.
“മമ്മി, വിശക്കുന്നു.” മോളും ബിബിനും എന്നെ തിരക്കി റൂമിൽ വന്നപ്പോഴാണ് സമയം രണ്ടുമണി ആയെന്ന് പോലും അറിഞ്ഞത്.
“ഒരു പത്ത് മിനിറ്റ് മാത്രം, മോളെ. അതുവരെ രണ്ടാളും ഇവിടെ ഇരിക്ക്.” ഞാൻ അവരെ നോക്കാതെ അവരോട് പറഞ്ഞിട്ട് എന്റെ ലാപ്ടോപ്പിൽ ക്ലാസ് അടിസ്ഥാനത്തിൽ പ്രിപ്പെയർ ചെയ്ത നോട്സൊക്കെ ഞാൻ ഓരോ ഫോൾഡറാക്കി സേവ് ചെയ്തു.
“ഞാൻ ഗെയിം കളിക്കാന്‍ പോകുവാ.” മോള് പറഞ്ഞിട്ട് റൂമിൽ നിന്നും പോയി.
ബിബിൻ എന്റെ സൈഡിൽ വന്നിരുന്നു.
ഞാൻ എന്റെ ജോലിയൊക്കെ തീര്‍ത്തു വച്ചിട്ട് കൈയും നടുവും സ്ട്രെച്ച് ചെയ്തു.
“ഹാവു എല്ലാം കഴിഞ്ഞു, ഇനി നമുക്ക് പോയി കഴിക്കാം.” ഞാൻ ബിബിനെ നോക്കി പറഞ്ഞു.