ഞാൻ ആശ്ചര്യപ്പെട്ട് എന്തൊക്കെയോ ചിന്തിച്ചുകൂട്ടി.
പെട്ടന്ന് എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് ശക്തമായി ഇടി വെട്ടിയതും ഞാൻ പേടിച്ച് വേഗം അങ്ങോട്ട് തിരിഞ്ഞ് കിടക്കുന്ന ബിബിനോട് ചേര്‍ന്ന് കിടന്നിട്ട് പുതപ്പ് വലിച്ച് തലവഴി മൂടി. തുടര്‍ച്ചയായുള്ള ഇടിവെട്ട് കാരണം ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് അവനെ കെട്ടിപിടിച്ചു കൊണ്ട് കിടന്നു. എങ്ങനെയോ വേഗം ഉറങ്ങുകയും ചെയ്തു.
രാവിലെ 5 മണിക്ക് ഉണര്‍ന്നപ്പൊ കറണ്ട് ഉണ്ടെന്ന് കണ്ട് ആശ്വാസമായി. ഇടിവെട്ട് ഇല്ലായിരുന്നു, മഴയും തോർന്നിരുന്നു.
അപ്പോഴും ബിബിനെ ഞാൻ കെട്ടിപിടിച്ചു കൊണ്ടാണ് കിടന്നിരുന്നത്. അവനെ കെട്ടിപിടിച്ചു കൊണ്ട് കിടക്കുന്നത് പുതിയ സംഭവമൊന്നുമല്ല. ഇച്ചായനും ബിബിനും എന്റെ പേടിയെ കുറിച്ചറിയാം. തുടർച്ചയായി ഇടിവെട്ടുമ്പൊ മാത്രമാണ് എനിക്ക് പേടി. അന്നേരം അവർ രണ്ട് പേരില്‍ ആരെയെങ്കിലും ഞാൻ കെട്ടിപിടിച്ചു കൊണ്ട് നില്‍ക്കുന്നത് സാധാരണ സംഭവമാണ്. അതിന്റെ പേരില്‍ അവർ രണ്ടുപേരും എന്നെ എപ്പോഴും കളിയാക്കാറുമുണ്ട്.
ഞാൻ ബിബിനെ വിട്ടിട്ട് എഴുനേറ്റ് ബിബിനും മോളേയും എണീപ്പിച്ചു. ശേഷം എഴുനേറ്റ് ചെന്ന് ദൂരെ ടീപ്പോയിൽ വച്ചിരുന്ന മൊബൈൽ എടുത്ത് ഓണാക്കി.
സമയം 5:10. ആറു മണിക്കാണ് പള്ളിയില്‍ കുര്‍ബാന, ഞാൻ എന്റെ റൂമിൽ വന്ന് കുളിച്ച് റെഡിയായി.
മഴ ഇല്ലായിരുന്നത് കൊണ്ട് ബിബിന്റെ ബൈക്കിലാണ് പള്ളിയില്‍ പോയത്. പള്ളിയില്‍ മോള് ബിബിന്റെ കൂടെയും ഞാൻ സ്ത്രീകൾ ഇരിക്കുന്ന ഭാഗത്തുമാണ് ഇരുന്നത്. കുര്‍ബാന കഴിഞ്ഞ് തിരികെ വരുന്ന വഴിക്ക് സ്റ്റാളിൽ കേറി ചിക്കണും വാങ്ങിച്ചു കൊണ്ടാണ് വന്നത്.