“എന്തടി ഉണ്ടക്കണ്ണി, എന്തിനാ എന്നെ ഇങ്ങനെ തുറിച്ചു നോക്കുന്നേ?” എന്നെ തുറിച്ചു നോക്കിയിരിക്കുന്ന എന്റെ മോളോട് ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചിട്ട് സോഫയിൽ ഇരുന്നു.
“മമ്മി എന്തിനാ ബിബിച്ചനോട് ദേഷ്യപെട്ടേ?” ചുണ്ടുകള്‍ കോട്ടി അവൾ ചോദിച്ചു.
“ഞാൻ ദേഷ്യപെട്ടിലല്ലോ മോളെ.”
“മമ്മിടെ മുഖത്ത് ദേഷ്യം ഉണ്ടായിരുന്നല്ലോ? ശബ്ദത്തില്‍ ദേഷ്യം ഉണ്ടായിരുന്നല്ലോ?” അവൾ മുഖം വീർപ്പിച്ച് പറഞ്ഞു.
“അങ്ങനെ തോന്നിയോ മോൾക്ക്.” അവളുടെ നിരീക്ഷണം കണ്ട് എനിക്ക് അതിശയമൊന്നും തോന്നിയില്ല. കാരണം അവള്‍ക്ക് പ്രായത്തേക്കാൾ കൂടുതൽ വിവരവും പക്വതയുമുണ്ട്. അതിനും ബിബിൻ തന്നെയാ കാരണം. എന്തായാലും ഈ ടിവിയുടെ ശബ്ദത്തില്‍ കിച്ചനിൽ ഞാൻ അവനോട് ദേഷ്യപ്പെട്ടതൊന്നും ഇവള്‍ കേട്ടിട്ടുണ്ടാവില്ല.
“മമ്മി ബിബിച്ചനോട് ദേഷ്യത്തി തന്നെയാ സംസാരിച്ചത്. ഇനി അങ്ങനൊന്നും മമ്മി സംസാരിക്കരുത്.” വലിയ ആളെ പോലെ അവളെന്നെ ഉപദേശിച്ചു.
“മനസില്‍ ഞാൻ ചില കാര്യങ്ങൾ ചിന്തിക്കുകയായിരുന്നു, മോളെ. അതുകൊണ്ട് എന്റെ മുഖവും ശബ്ദവും അങ്ങനെ ആയതാവും. നമ്മുടെ ബിബിനോട് മമ്മി അങ്ങനെ ദേഷ്യപ്പെടുമോ?”
എന്റെ മോൾക്ക് ബിബിൻ കഴിഞ്ഞിട്ടേയുള്ളു ബാക്കിയെന്തും. അവനാണ് അവളുടെ ഹീറോ. അച്ഛനും, സഹോദരനും, ടീച്ചറും, ഉപദേശകനും, താങ്ങി നിര്‍ത്തുന്നവനും, വഴികാട്ടിമെല്ലാം അവനാണ്. അതുകൊണ്ട് അവനെ കുറിച്ച് അവളോട് തെറ്റുകൾ പറഞ്ഞ് അവളെ സങ്കടപ്പെടുത്താൻ ഒരിക്കലും ഞാൻ മുതിരില്ല. ബിബിനെ കുറിച്ച് ആരെന്തു തെറ്റായി പറഞ്ഞാലും എന്റെ മോള് വിശ്വസിക്കുകയുമില്ല.