“നീ വേണ്ട, പുത്തൂരം വീട്ടിലെ സ്ത്രീകൾ തന്നെ വേണം ഭൈരവ മൂർത്തിക്ക്, ഇതല്പം അഥർവ്വം ഒക്കെ ചേർന്ന പൂജ ആണ്, നീയിപ്പോൾ ആറ്റും മണമ്മേൽ കുടുംബത്തിൽ ചേർന്നു, അതിനാൽ കുഞ്ചുണ്ണൂലി തന്നെ ആണ് നല്ലത്. അവളോട് പൂജ സാമഗ്രികൾ ആയി കളരിയിൽ വരാൻ പറയു,
അഞ്ചു തിരി വിളക്കും കൊണ്ട് വരണം, വെളിയിൽ ആ വേല ചെറുക്കൻ അൽപ്പം കള്ള് കൊണ്ട് വച്ചുകാണും അത് ഒരു കിണ്ടിയിൽ പകർന്നു കൊണ്ട് വരണം, പൊടിയെല്ലാം അരിക്കണം. ഭൈരവമൂർത്തിക്ക് കള്ളാണ് ഇഷ്ടം, അതുണ്ടെൽ പ്രസാദിച്ചു എന്ന് തന്നെ. ശുദ്ധമായ കള്ളിന് വേണ്ടി എവിടെയെല്ലാം പോയി എല്ലാവരും മായക്കാരായി, തെങ്ങിൽ വച്ച് തന്നെ വെള്ളം ചേർക്കുക എന്ന് വച്ചാൽ, എന്താ കഥ.” , ചേകവർ.
കളരിയിലേക്ക് തിരിച്ചു പോയി. ആരോമലുണ്ണി ഏതായാലും പോകാൻ തീരുമാനിച്ചില്ല ഭൈരവ പൂജ എങ്ങിനെ എന്ന് കാണാൻ തീരുമാനിച്ചു, ഏതായാലും താനും പുത്തൂരം വീട്ടിൽ ചേർന്നവൻ തന്നെ. കുഞ്ചുണ്ണൂലി വിളക്കും മറ്റു സാമഗ്രികളും ഒക്കെ ആയി വന്നു. ഉണ്ണിയാർച്ച വെളിയിൽ നിന്ന് കള്ള് നിറച്ച കിണ്ടി നീട്ടി എന്നിട്ട് ചോദിച്ചു “:ഭൈരവ പൂജ ഞാനും കാണട്ടെ അച്ഛാ, കുഞ്ഞിരാമേട്ടന് വേണമെങ്കിൽ പറഞ്ഞു കൊടുക്കാമല്ലോ”.
“ഭൈരവ മൂർത്തിക്ക് പൂജ നടക്കുമ്പോൾ പൂജ ചെയ്യുന്ന ആളും പരികർമ്മിയും മാത്രമേ പാടുള്ളു കുട്ടീ ഇത് തന്ത്ര വിധിയിൽ പറഞ്ഞിട്ടുള്ളതാണ് മൂന്നാമതൊരാൾ കയറിയാൽ അയാൾ അന്ധനായി പോകും” . ഒളിച്ചിരുന്ന ആരോമൽ ഒന്ന് നടുങ്ങി, കണ്ണെങ്ങാനും പോകുമോ, മുത്തച്ഛന്റെ ഗൗരവം കണ്ടു ഇപ്പോൾ ഇറങ്ങി ചെല്ലാനും വയ്യ, വരുന്നത് വരട്ടെ. അവൻ വിചാരിച്ചു.