“ പിന്നെയെന്തൊക്കെയുണ്ടെടോ വിശേഷങ്ങൾ..?? കോളേജൊക്കെ എങ്ങനെ പോകുന്നു. ”
“ സുഖം.. അങ്ങനെയൊക്കെ അങ്ങ് പോകുന്നു. ”
“ഉഴപ്പല്ലല്ലോ??”
“ഏയ്.. ഇതുവരെ ഒരു പേപ്പർ പോലും പൊട്ടിയിട്ടില്ല.”
“ഹൂം.. കൊള്ളാം..ഇത് കഴിഞ്ഞിട്ട് എന്താണ് ഇന്തുചൂഡൻ്റെ ഫ്യൂച്ചർ പ്ലാൻ??”
ചിരിച്ച് കൊണ്ട് കൈമലർത്തി കാണിക്കാനെ എനിക്ക് അറിയത്തുള്ളൂ. സത്യം പറഞ്ഞാ what’s next എന്നത് എനിക്കും അറിഞ്ഞൂട.
“ നീ വല്ലോം കഴിച്ചായിരുന്നോ??”
“ഹും.. വരുന്നവഴി വിശന്നപ്പോ ഒരു കടയിൽ കയറി കഴിച്ചായിരുന്നു.”
പിന്നെയും എന്തൊക്കെയോ ചോദിച്ച് അമ്മാവനും അതിനൊക്കെ ഉത്തരം പറഞ്ഞും തലയാട്ടിയൂം ഞാനും. അതിനിടക്ക് ആരതി വന്നു ഞൊണ്ടിയും പിച്ചിയും ഒക്കെ പോയി. അവസാനം അവള് എന്നെ കയ്യിൽ വലിച്ച് അവരുടെ മുറിയിലേക്ക് കൊണ്ടുപോയി.
എന്നെ കണ്ടയുടൻ അനു ഇരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റു. ബഹുമാനം… കൊള്ളാം കുട്ടിക്ക് മര്യാദ ഒക്കെയുണ്ട്.
ഞാൻ അവിടെ ബെഡ്ഡിൽ ഇരുന്നു. അനു എൻ്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയതിന് ശേഷം അവള് മുന്നിലിരുന്ന ബുക്ക് അടച്ച് വെച്ചു. കണ്ടിട്ട് ഒരു text book പോലേ തോന്നാത്തത് കൊണ്ട് ഞാൻ അൽപ്പം ഒന്ന് എത്തി നോക്കി. ഒരു പെൺകുട്ടി മഞ്ഞപൂവുകൾ നിറഞ്ഞ ചെടികൾക്കിടയിൽ തൻ്റെ തലയിലിരിക്കുന്ന തൊപ്പിയിൽ പിടിച്ചിരിക്കുന്നതാണ് പുറംചട്ട. അതിന് മുകളിൽ എഴുതിയ അക്ഷരങ്ങളിലൂടെ എൻ്റെ കണ്ണുകൾ പാഞ്ഞു.
“ വുതറിംഗ് ഹൈറ്റ്സ് ” ആത്മഗതത്തിന് അൽപ്പം ശബ്ദം കൂടി ഞാൻ വായിച്ചു.
വായിച്ചിട്ടുണ്ടോ???