മുഹബ്ബത്തിൻ കുളിര് 1
Muhabathinte Kuliru Part 1 | Author : Spulber
പുലർകാലം..
നല്ല തണുപ്പുളള സുന്ദരമായ പുലരി..
തൊട്ടടുത്തുളളത് പോലും കാണാൻ കഴിയാത്തത്ര മൂടൽ മഞ്ഞാണ്..
പള്ളിയിൽ നിന്ന് സുബഹി നിസ്കാരംകഴിഞ്ഞ്, മൊയ്തീന്റെ ചായപ്പീടികയിലേക്ക് നടക്കുകയാണ്,അയൽ വാസികളും സുഹൃത്തുക്കളുമായ ബീരാനും,അഹമ്മദും..
“അല്ല അയ്മദേ… കുൽസൂന് കല്യാണം നോക്കണ്ടേ…?
ഓൾക്കിപ്പം വയസെത്രയായി. ഡിഗ്രി എത്രയൊക്കെയോ കൊല്ലമായില്ലേ ഓള്..?”
“എത്രയൊക്കെയോ കൊല്ലമല്ല… ഡിഗ്രി മൂന്നാം കൊല്ലം..
ഉം…നോക്കണം ബീരാനേ… പറ്റിയതേതേലും വന്നാ കെട്ടിച്ച് വിടണം..”
“കൂടുതൽ പഠിപ്പിക്കുന്നില്ലേൽ വേഗം കെട്ടിച്ച് വിടാൻ നോക്ക്… അധികം നീട്ടണ്ട…”
ബീരാന്റെ ശബ്ദത്തിൽ ഒരു താക്കീതിന്റെ സ്വരമുണ്ടായിരുന്നു…
അഹമ്മദ് മോളുടെ കല്യാണക്കാര്യം ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്ചായി..അവളുടെ രണ്ട് വയസിന് മൂപ്പുള്ള മകൻ സൗദിയിലാണ്.. കുൽസൂനിപ്പോ ഇരുപത് വയസ്..
നാല് മാസമേ ആയിട്ടുള്ളൂ മകൻ ജാബിർ സൗദിയിൽ പോയിട്ട്..
അവിടെ ഹൗസ് ഡ്രൈവറാണ്..
‘ഇനി ഉപ്പ കൂലിപ്പണിക്കൊന്നും പോണ്ട..’
എന്നും പറഞ്ഞാണ് ജാബിറ്പോയത്..
എന്നാലും അഹമ്മദ് പണിക്ക് പോക്ക് നിർത്തിയിട്ടില്ല..
അവനൊരു നിലയിലെത്തട്ടെ, എന്നിട്ട് വേണം കൂലിപ്പണിയൊക്കെ നിർത്തി ഒന്ന് വിശ്രമിക്കാൻ എന്നാണ് അയാൾ കരുതിയത്..
അഹമ്മദിനിപ്പോ നാൽപത്തി എട്ടായി..ഭാര്യ നസീമക്ക് നാൽപതും.. ചെറുപ്പത്തിലേ കൂലിപ്പണിക്കിറങ്ങിയ അഹമ്മദ് ഇപ്പോൾ തീർത്തും ക്ഷീണിച്ചിരിക്കുന്നു.. കഠിനമായ ഏത് ജോലിയും ആവേശത്തോടെ ചെയ്തിരുന്ന അയാൾക്കിപ്പോ പഴയ ആവേശമൊന്നുമില്ല..
എന്നാലും കുൽസൂന്റെ കല്യാണം കഴിയുന്നത് വരെയെങ്കിലും പണിക്ക് പോയേ പറ്റൂ..