അല്ലേലുമതങ്ങനാ…
ടോമുംജെറിയും ഒന്നിച്ചുണ്ടായാലേ അതവരാകുള്ളൂ… അല്ലേലേതോ ഒരുപൂച്ചയും എലിയുമാ…
അതുപോലായി എന്റെകാര്യവും…
മീനാക്ഷികൂടില്ലാതെ സിദ്ധുവില്ലാണ്ടാകുന്ന പോലെ…
…അതിന്… അതിനിത്രയ്ക്കും വേണ്ടിയൊക്കെ ഞാനവളെ സ്നേഹിച്ചിരുന്നോ..??
…അറിയില്ല.! പക്ഷേ, അവളുകൂടെയില്ലാതെ ഒന്നിനുംപറ്റുന്നില്ല…
ആകെയൊരു വെപ്രാളമ്പോലെ…
കവിഴ്ന്നുകിടക്കുമ്പോൾ കണ്ണൊക്കെനിറയുവാ…
ഒന്നുമങ്ങട് സഹിയ്ക്കാമ്പറ്റുന്നില്ല…
അതിൽ പലതോന്നലുകളും ആദ്യമായ്ട്ടായ്രുന്നു…
…എന്നുവരെയാ
നൈറ്റെന്നവള് പറഞ്ഞായ്രുന്നോ..??
ഓർമ്മകളിൽ പലവുരുതിരഞ്ഞിട്ടും മറുപടിയുണ്ടായില്ല…
…കൊണ്ടു വിട്ടപ്പോഴെങ്കിലുമൊന്നു ചോദിയ്ക്കായ്രുന്നില്ലേ..??
പലപ്രാവശ്യം ആ ചോദ്യമെന്നോടുതന്നെ
തിരിച്ചുംമറിച്ചും ഞാൻചോദിച്ചു…
…അതെന്താ ഈബുദ്ധി എനിയ്ക്കുമാത്രം സമയത്തു തോന്നിപ്പിയ്ക്കാത്തെ..??
എല്ലാരേംപോലെ ഞാൻ നിങ്ങൾക്കുമൊരു തമാശയായ്രുന്നോ..??
മലർന്നുകിടന്ന് മേലേയ്ക്കുനോക്കി
ചോദിയ്ക്കുമ്പോൾ അതിനുമുത്തരമൊന്നും
കാണില്ലാന്ന് ഊഹിയ്ക്കാവുന്നതേ ഉണ്ടായ്രുന്നുള്ളൂ…
പിന്നീടുള്ളദിവസങ്ങൾ
എങ്ങനെയാണു കടന്നുപോയതെന്നുപോലും അറിയുന്നുണ്ടായില്ല…
ഇടയ്ക്കെപ്പോഴൊക്കെയോ കോളേജിലേയ്ക്കുപോയി…
ആരോടും മിണ്ടാനില്ലാത്തതു മെച്ചമായി…
ഇടയ്ക്കിടെ ശ്രീവന്ന് ഓരോന്നൊക്കെ ചോദിയ്ക്കും…
അവനെങ്ങോട്ടേലുമൊക്കെ കൂട്ടിക്കൊണ്ടുപോവും…
അവന്റെകൂടെ ചുമ്മാനടക്കും…
വീട്ടിൽവന്നാലും അവസ്ഥ മറിച്ചായ്രുന്നില്ല…