“”…അതെങ്ങനാ… കേൾക്കുന്നപാടെ ഇവടോരോരുത്തിമാര് ചെല്ലാൻമുട്ടിനിയ്ക്കുവല്ലേ… പിന്നെപ്പോട്ടെ… എങ്ങോട്ടാന്നുവെച്ചാ പോട്ടെ… എനിയ്ക്കെന്താ..??”””_ അങ്ങനെ തീർത്തും നിരായുധനായ്പ്പോയതിന്റെ സങ്കടത്തിൽ എന്തൊക്കെയോകൂടി വിളിച്ചുപറഞ്ഞെങ്കിലും അതിലെല്ലാമടങ്ങിയിരുന്നത്, ഞാനിത്രയൊക്കെ കാണിച്ചുകൂട്ടീട്ടും അവൾക്കുമാത്രമിതൊന്നും മനസ്സിലാകുന്നില്ലല്ലോന്ന സങ്കടംകൂടിയായ്രുന്നു…
അതുകൊണ്ടാവും പിന്നെ തടയാനൊന്നും നിൽക്കാണ്ടിരുന്നതും…
പക്ഷേ കോളേജിൽക്കൊണ്ടാക്കി ഒരുവാക്കുപോലും മിണ്ടാൻനിൽക്കാതെ ഒരുനോക്കുപോലും കാണാൻനിൽക്കാതെ തിരിച്ചുപായുവായ്രുന്നൂ ഞാൻ…
മനസ്സിൽമുഴുവൻ ആരോടൊക്കെയോ ഉള്ള ദേഷ്യമിങ്ങനെ നുരഞ്ഞു പൊന്തുന്നുമുണ്ടായ്രുന്നു…
പണ്ടുമുതലേ ആരും മനസ്സിലാക്കാൻ മെനക്കെടാത്തതുകൊണ്ട് ആർക്കുമിട്ട് മനസ്സിലായില്ലെന്നുമാത്രം…
ആ ദേഷ്യമെങ്ങനെ തീർക്കുമെന്നറിയാതെ ഞാൻ വീർപ്പുമുട്ടി…
ഒരുദിവസംകൊണ്ട് ഞാനങ്ങൊറ്റയ്ക്കായ പോലെ…
അത്രയുംനാൾ പോണിടത്തും വരുന്നിടത്തും കിടക്കുന്നിടത്തുമെല്ലാം കൂടുണ്ടായ്രുന്ന നിഴലുപോലൊന്നിനെ നഷ്ടപ്പെട്ടതുപോലൊരു തോന്നൽ…
ജോക്കുട്ടന്റെവീട്ടിൽനിന്നും തിരികെവന്നതിന്റെ സങ്കടമൊന്നു വിട്ടുമാറുന്നതിനുമുന്നേ മീനാക്ഷികൂടിപോയപ്പോൾ ചായയരിച്ചുകിട്ടിയ
ചണ്ടിപോലെയായി ഞാൻ…
ആർക്കും വേണ്ടാത്തപോലെ…
ആ മുറിയിൽ തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോൾ പലയാവർത്തി ചിന്തിച്ചുപോയി, മീനാക്ഷി കൂടെയുണ്ടായ്രുന്നെങ്കിലെന്ന്…
എത്രയൊക്കെ ചൊറിഞ്ഞാലും തല്ലുണ്ടാക്കിയാലും എന്തിനൊന്നു മിണ്ടീലേൽപ്പോലും അവളെന്നെ ഒറ്റപ്പെടുത്തില്ലായ്രുന്നു…