ഞങ്ങൾ വീട്ടിലെത്തി. ജുമൈലത്ത് ആദ്യമായിട്ടാണ് വീട് കാണുന്നത്. പഴയ വാസ്തു ശൈലിയിലുള്ള വീടാണ്. പുറത്തെ ഭിത്തി ചെത്തി മിനുക്കിയ ചെങ്കല്ലും ഇഷ്ടികയുമായത് കൊണ്ട് വീടിന് ആകെ ഒരു ചുവപ്പ് നിറമാണ്. പൂജക്കാവശ്യമായ പൂക്കൾക്ക് വേണ്ടി തെച്ചിയും ചെമ്പരത്തിയും മതിലിനോട് ചേർന്ന് വെച്ചു പിടിപ്പിച്ചത് ഇടതൂർന്ന് വളർന്ന് പൂത്ത് നിൽക്കുന്നത് മതിലിന് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ടായിരുന്നു. നാടൻ പൂച്ചെടികൾ മാത്രമുള്ള പൂന്തോട്ടവും അതിനോട് ചേർന്നുള്ള ഔഷധ സസ്യ തോട്ടവും ജുമൈലത്തിനെ വല്ലാതെ ആകർഷിച്ചു. ഞാനും ജുമൈലത്തും തൊടി മുഴുവൻ ചുറ്റി നടന്നു. തൊടിയിൽ മുഴുവൻ വലിയ മരങ്ങളുള്ളത് കൊണ്ട് നട്ടുച്ചക്ക് പോലും നല്ല തണുപ്പാണ്. കൂടുതലും ഫലവൃക്ഷങ്ങളാണ്. പൂത്താങ്കിരികളുടെ കലപില കൂട്ടലും അണ്ണാൻ്റെ ചിലക്കലും മറ്റു പല ശബ്ദങ്ങളും കൂടി കലർന്ന് മനസ്സിന് ആനന്ദം തോന്നുന്ന ഒരു ചുറ്റുപാടാണ്. ജുമൈലത്ത് പ്രസരിപ്പോടെ ഉത്സാഹഭരിതയായി എല്ലാം നോക്കി കണ്ട് എൻ്റെ ഒപ്പം നടക്കുകയാണ്. ഞങ്ങൾ തിരികെ മുറ്റത്തെത്തി. മുറ്റത്ത് നിൽക്കുന്ന വലിയ പ്ലാവിൻ്റെ തിങ്ങിയ ഇലച്ചാർത്തിനിടയിലെ പഴുതിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം ജുമൈലത്ത് നടക്കുമ്പോഴുണ്ടാകുന്ന ചലനങ്ങൾക്കനുസരിച്ച് ഇളകുന്ന മാലയിലെ ലോക്കറ്റിലെ ഇംതിയാസിൻ്റെ കണ്ണുകളിൽ പതിച്ച് നാനാഭാഗത്തേക്കും പ്രതിഫലിച്ചു. ഇംതിയാസ് എല്ലാം കാണുന്നത് പോലെ എനിക്ക് തോന്നി. ഈ വീട്ടിൽ വരുന്നവർക്ക് ഒരു പച്ച തുരുത്തിൽ വന്നെത്തിയത് പോലെയാണ് തോന്നുക എന്നെനിക്കറിയാം. ജുമൈലത്ത് എന്നോടൊപ്പം ഒരുമിച്ച് പൂമുഖത്തേക്ക് കയറി.